വംശീയക്കളിക്ക് താക്കീത്

ലോകകപ്പിന് രണ്ട് മാസം ശേഷിക്കെയാണ് ആതിഥേയര്‍ക്കെതിരെ ഫിഫയുടെ നടപടി വരുന്നത്
Posted on: April 18, 2018 6:10 am | Last updated: April 17, 2018 at 11:26 pm

പാരിസ്: ഇത്തവണ ലോകകപ്പിന് അതിഥേയത്വം വഹിക്കുന്ന റഷ്യക്കെതിരെ ഫിഫയുടെ അച്ചടക്ക നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫ്രാന്‍സിനെതിരെ നടന്ന റഷ്യയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടയില്‍ ഉയര്‍ന്നുകേട്ട വംശീയാധിക്ഷേപ വാക്കുകള്‍ക്കെതിരെയാണ് ഫിഫ നടപടിയാരംഭിച്ചത്.

കഴിഞ്ഞ മാസം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന മാച്ചിനിടെ ഫ്രാന്‍സിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ, ബാഴ്‌സലോണ വിംഗര്‍ ഒസ്മാനി ഡെംബെലെ എന്നിവരാണ് വംശീയാധിക്ഷേപത്തിന് ഇരയായത്. ഇരുവര്‍ക്കുമെതിരെ കാണികള്‍ ‘കുരങ്ങ്’ പരാമര്‍ശം നടത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അമ്പതിനായിരത്തോളം വരുന്ന കാണികളില്‍ ഒരു വിഭാഗം ഈ കളിക്കാര്‍ക്ക് നേരെ അധിക്ഷേപകരമായ രീതിയില്‍ ആര്‍ത്തുവിളിക്കുകയായിരുന്നു. ഇതിനെതിര ശക്തമായ നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഫിഫ റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയതാണ്.

അച്ചടക്ക നടപടിക്രമങ്ങള്‍ ആരംഭിച്ച സ്ഥിതിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറല്ലെന്ന് ഫിഫ വക്താവ് വ്യക്തമാക്കി. അതേസമയം, ഫിഫയുടെ അ ന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് റഷ്യന്‍ ഫുട്‌ബോള്‍ യൂനിയന്‍ (ആര്‍ എഫ് യു) വക്താവ് അലക്‌സാണ്ടര്‍ ബരാനോവ് അറിയിച്ചു.

ചര്‍ച്ച ചെയ്യപ്പെട്ട മത്സരത്തി ന് പിന്നാലെ, സംഭവവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം റഷ്യ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഫിഫക്ക് കൈമാറിയിട്ടുണ്ടെന്നും ബരാനോവ് വ്യക്തമാക്കി.

ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകാന്‍ രണ്ട് മാസം മാത്രം ശേഷിക്കെയാണ് ആതിഥേയരായ റഷ്യ വിവാദങ്ങളിലും അതുവഴി സമ്മര്‍ദത്തിലും അകപ്പെടുന്നത്. ഇതിന് മുമ്പും അന്താരാഷ്ട്ര ഫുട്‌ബോളുമായി ബന്ധപ്പെട്ട് റഷ്യ വംശീയതയുടെ ‘ഇര’യായി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും റഷ്യന്‍ ആരാധകര്‍ കറുത്ത വര്‍ഗക്കാരായ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപകരമായ പരാമര്‍ശം നടത്തിയിരുന്നു. അന്നെല്ലാം റഷ്യക്കെതിരെ യുവേഫ താക്കീതിന്റെ സ്വരം പുറത്തെടുക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് അവര്‍ വംശീയാധിക്ഷേപത്തിനെതിരെയുള്ള ‘മഞ്ഞക്കാര്‍ഡിന്’ വിധേയമാകുന്നത്.

ഇത്തവണ ലോകകപ്പ് സെമിഫൈനല്‍ മത്സരം നടക്കുന്ന സെന്റ്പീറ്റേഴ്ബര്‍ഗ് സ്റ്റേഡിയത്തിലാണ് കളിക്കാരുടെ നിറത്തെ കളിയാക്കാന്‍ റഷ്യന്‍ കാണികള്‍ തുനിഞ്ഞതെന്നതാണ് ഫിഫയെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. വംശീയമായി ചിന്തിക്കുന്ന കാണികളെ ഒരു തരത്തിലും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ആര്‍ എഫ് യു വ്യക്തമാക്കുന്നത്. രാജ്യം വംശീയ വിദ്വേഷികളുടെതാണെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുയാണ് ഇത്തരം കാണികള്‍ ചെയ്യുന്നതെന്നും ആര്‍ എഫ് യു വൃത്തങ്ങള്‍ പറഞ്ഞു.

ഒളിംപിക്‌സില്‍ രണ്ട് തവണ ഫെന്‍സിംഗ് ചാമ്പ്യനായിട്ടുള്ള ഫ്രാന്‍സിന്റെ കായിക മന്ത്രി ലോറ ഫ്‌ളെസറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റഷ്യക്കെതിരെ ഫിഫ അച്ചടക്ക നടപടികള്‍ ആരംഭിച്ചത്. റഷ്യന്‍ മണ്ണില്‍ ഇതിന് മുമ്പും കറുത്ത വര്‍ഗക്കാരായ കളിക്കാര്‍ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. മുമ്പ് റഷ്യന്‍ ക്ലബിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിന്റെ റോബര്‍ട്ടോ കാര്‍ളോസിന് നേരെ പഴത്തൊലിയെറിഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തനിക്ക് ടീമില്‍ നിന്ന് തികഞ്ഞ അവഗണന നേരിട്ടതായി റഷ്യന്‍ ക്ലബ് ടീമിന് വേണ്ടി കളിച്ച മറ്റൊരു ബ്രസീലിയന്‍ താരം ഹല്‍ക് പരാതിപ്പെട്ടിരുന്നു.