രാസായുധ പരിശോധക സംഘത്തിന് ദൗമയിലേക്ക് പ്രവേശനാനുമതി

സംഘത്തിന് ദൗമയിലേക്ക് പ്രവേശനാനുമതി ലഭിച്ചിരിക്കുന്നത് ആക്രമണം കഴിഞ്ഞ് 11 ദിവസത്തിന് ശേഷം
Posted on: April 18, 2018 6:01 am | Last updated: April 17, 2018 at 10:39 pm

ദമസ്‌കസ്: രാസായുധ പരിശോധക സംഘത്തിന് സിറിയയിലെ ദൗമയിലേക്ക് പ്രവേശനാനുമതി ലഭിച്ചു. ദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്കായി കഴിഞ്ഞ ശനിയാഴ്ച ദമസ്‌കസിലെത്തിയിരുന്നുവെങ്കിലും ദൗമയിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സുരക്ഷാ കാരണങ്ങളുടെ പേരിലാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചതെന്നും ഇപ്പോള്‍ സ്ഥലം സന്ദര്‍ശിക്കുന്നതിന് തടസ്സമില്ലെന്നും റഷ്യ അറിയിച്ചു.

രാസായുധാക്രമണം നടന്ന സ്ഥലം റഷ്യയും സിറിയന്‍ സര്‍ക്കാറും ചേര്‍ന്ന് മാറ്റംവരുത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ അമേരിക്കയും ബ്രിട്ടനും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. ഏപ്രില്‍ ഏഴിന് നടന്ന രാസായുധാക്രമണം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് റഷ്യയും സിറിയയും പ്രതികരിച്ചിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളും സ്വകാര്യ അന്വേഷണ സംഘങ്ങളും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദൗമയില്‍ ക്ലോറൈന്‍ ഉപയോഗിച്ചുള്ള രാസായുധാക്രമണമാണ് നടന്നതെന്നാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ആരോപിക്കുന്നത്. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ സിറിയന്‍ സര്‍ക്കാറിന് വേണ്ടി രാസായുധങ്ങള്‍ നിര്‍മിക്കുന്ന മൂന്ന് കേന്ദ്രങ്ങള്‍ ഫ്രാന്‍സും അമേരിക്കയും ചേര്‍ന്ന് മിസൈല്‍ ആക്രമണത്തിലൂടെ നശിപ്പിച്ചിരുന്നു.

ദൗമയില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നതിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് സിറിയ സംഘത്തെ അറിയിച്ചിരുന്നു. സ്ഥലം സന്ദര്‍ശിക്കുന്നതിന് പകരം ആക്രമണം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന 22 പേരെ അഭിമുഖം നടത്താനായിരുന്നു സിറിയ ആദ്യമായി സംഘത്തോട് പറഞ്ഞിരുന്നത്.

എന്നാല്‍ ആക്രമണം കഴിഞ്ഞ് 11 ദിവസത്തിന് ശേഷം സംഘത്തിന് ദൗമയിലേക്ക് പ്രവേശനാനുമതി ലഭിച്ചിരിക്കുകയാണ്. സംഘം ദൗമയില്‍ നിന്ന് മണ്ണും മറ്റു സാംപിളുകളും പരിശോധനക്കായി ശേഖരിക്കും.