ആധാര്‍ വിവരം ചോര്‍ന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും: സുപ്രീം കോടതി

Posted on: April 17, 2018 9:59 pm | Last updated: April 18, 2018 at 1:38 pm

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതി ആശങ്ക പങ്കുവെച്ചത്. ആധാര്‍ വിവരങ്ങള്‍ ആധികാരികതക്ക് വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന് യുനീക്ക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഗേഷ് ദിവേദി വ്യക്തമാക്കിയതോടെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന ആശങ്ക വ്യക്തമാക്കിയത്.

കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി യു എസ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ജനാധിപത്യം അതിനെ അതിജീവിക്കുന്നതെങ്ങനെയെന്നും ഡി വൈ ചന്ദ്രചൂഢ് ആരാഞ്ഞു. ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമമില്ലാത്ത സാഹചര്യത്തില്‍ അതിന്റെ സുരക്ഷിതത്വം എങ്ങനെ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം ചോദിച്ചു. പ്രശ്‌നം വെറും ലക്ഷണമായല്ല യാഥാര്‍ഥ്യമായി തന്നെ കാണണം.
130 കോടിയോളം വരുന്ന ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് ദുപുപയോഗം ചെയ്യപ്പെടുമോയെന്ന് കഴിഞ്ഞയാഴ്ച കോടതി ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി (യു ഐ ഡി എ ഐ) യോട് ആരാഞ്ഞിരുന്നു. എന്നാല്‍, ആധാര്‍ ഡേറ്റ എന്നത് ആറ്റം ബോംബല്ല എന്നതായിരുന്നു അതിന് യു ഐ ഡി എ ഐ മറുപടി നല്‍കിയത്.

അതേസമയം, സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് യു ഐ ഡി എ ഐ ഇന്നലെയും കോടതിയില്‍ വ്യക്തമാക്കി. ആധാര്‍ വിഷയത്തില്‍ ഭരണഘടനാ ബഞ്ച് ഇതിനോടകം 29 ദിവസത്തെ വാദം പൂര്‍ത്തിയാക്കി. വാദം കേള്‍ക്കല്‍ ഇന്നും തുടരും.