കെജ്‌രിവാള്‍ സര്‍ക്കാറിന്റെ ഉപദേശക സമിതിയിലെ ഒമ്പത് പേരെ കേന്ദ്രം പുറത്താക്കി

Posted on: April 17, 2018 6:52 pm | Last updated: April 18, 2018 at 11:34 am

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ഒമ്പത് ഉപദേശകരെ കേന്ദ്രം പുറത്താക്കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ ആണ് പുറത്താക്കിയത്. ധനമന്ത്രാലയം ഈ നിയമനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടി. എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിലെന്ന് ആം ആദ്മി ആരോപിച്ചു.

ഡല്‍ഹിയിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകനായി ഒരു രൂപ ശമ്പളത്തില്‍ നിയമിച്ച അതീഷി മര്‍ലേനയും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2015 ലാണ് മന്ത്രിസഭയെ സഹായിക്കാനെന്ന പേരില്‍ ഒമ്പത് ഉപദേശകരെ ഡല്‍ഹി സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം കണ്ടെത്തി. ഇവരെ പുറത്താക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നടപടിയെടുത്തതെന്നാണ് വിവരം.

അതേസമയം, ഡല്‍ഹിയില്‍ ഏറ്റുമുട്ടലിനു വഴിമരുന്നിടുന്ന കേന്ദ്രത്തിന്റെയും അനില്‍ ബൈജാലിന്റെയും പുതിയ നീക്കം കത്വ, ഉന്നാവോ പീഡനങ്ങള്‍, കറന്‍സി ക്ഷാമം എന്നിവയില്‍നിന്നു ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു.