Connect with us

Kerala

ഹര്‍ത്താലിന്റെ പേരില്‍ അക്രമം: കര്‍ശന നടപടിയെന്ന് ഡിജിപി

Published

|

Last Updated

മലപ്പുറം താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത ബസ്‌

തിരുവനന്തപുരം: കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഹര്‍ത്താലിലെ അഴിഞ്ഞാട്ടവുമായി ബന്ധപ്പെട്ടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറ്റിയമ്പതിലെറെ പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരുടെയും പേരിലല്ലാതെ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങള്‍ സാമൂഹിക വിരുദ്ധശക്തികള്‍ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാല്‍ അതു സംബന്ധിച്ച് അന്വേഷണം നടത്തും. ഭാവിയില്‍ മുന്നറിയിപ്പില്ലാതെയുള്ള ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണ് എല്ലാ ജില്ലകളിലും ഇന്നലെ അരങ്ങേറിയത്. ഹര്‍ത്താലിന്റെ പേരില്‍ യുവാക്കള്‍ നിരത്തിലിറങ്ങി അക്രമം അഴിച്ചുവിടുകയായിരുന്നു. കെ എസ് ആര്‍ ടി സി ബസുകള്‍ തടയുകയും കടകമ്പോളങ്ങള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറു നടത്തി. മലബാര്‍ മേഖലയിലാണ് അക്രമസംഭവങ്ങള്‍ കൂടുതല്‍ അരങ്ങേറിയത്. മലപ്പുറത്ത് തിരൂരും താനൂരും വ്യാപകമായി അതിക്രമങ്ങള്‍ അരങ്ങേറി. മലപ്പുറത്ത് പോലീസ് തിരൂര്‍, താനൂര്‍, പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമത്തില്‍ 11 പോലീസുകാര്‍ക്കും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും പരുക്കേറ്റു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തള്ളിക്കയറി. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവരെ നേരത്തേ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയത്. കാസര്‍കോട്ട് കല്ലേറില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് പരുക്കേറ്റു. പാലക്കാട്ട് ഒറ്റപ്പാലം ലക്കിടി, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി, പട്ടാമ്പി, കുഴല്‍മന്ദം എന്നിവിടങ്ങളില്‍ കടകള്‍ അടപ്പിച്ചു. വാഹനങ്ങള്‍ തടഞ്ഞു.

പാലക്കാട് നഗരത്തില്‍ മേലാമുറിയില്‍ പൊലീസിന് നേരെ കല്ലെറിഞ്ഞവര്‍ക്ക് എതിരെ ലാത്തിച്ചാര്‍ജ് നടത്തി. വയനാട്ടില്‍ കല്‍പ്പറ്റയിലും മാനന്തവാടിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി കടകള്‍ അടപ്പിച്ചു. തൃശൂര്‍പഴയന്നൂരിലും തിരുവില്വാമലയിലും സ്വകാര്യ ബസ് സര്‍വീസ് തടഞ്ഞ് യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു. എറണാകുളത്ത് മൂവാറ്റുപുഴയില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് ഒരുസംഘമാളുകള്‍ പ്രകടനമായെത്തിയതോട സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. കൊല്ലത്ത് കടകളും പെട്രോള്‍ പമ്പുകളും അടപ്പിച്ചു. തിരുവനന്തപുരം ബാലരാമപുരത്ത് പ്രതിഷേധക്കാര്‍ നാല് ഓട്ടോറിക്ഷകളുടെ ചില്ല് തകര്‍ത്തു. ചാലയില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു.
പല സ്ഥലങ്ങളിലും കെ എസ് ആര്‍ ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യവുമായാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മലപ്പുറത്ത് വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ അടപ്പിച്ചതും. റോഡിലിറങ്ങിയാല്‍ ബസുകള്‍ കത്തിക്കുമെന്ന് സ്വകാര്യ ബസുടമകളെ ഫോണില്‍ വിളിച്ച് ഭീഷണപ്പെടുത്തിയതായും പരാതി ഉണ്ട്. താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ എസ് ആര്‍ ടി സി ബസ് അടിച്ചുതകര്‍ത്തു. റോഡ് ഉപരോധിച്ച ഏഴ് പേരെ മലപ്പുറത്ത് നിന്ന് പോലീസ് കസ്റ്റിയിലെടുത്തു.

നിലമ്പൂരില്‍ വിവിധ സ്റ്റേഷനുകളിലായി നിലമ്പൂര്‍ മേഖലയില്‍ 400 ഓളം പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ഇവരെ പിന്നീട് വൈകിട്ടോടെ വിട്ടയച്ചു. അനുമതിയില്ലാതെ സംഘം ചേരുകയും വാഹനങ്ങള്‍ തടയുകയും ചെയ്തതിന് എടക്കര, ചുങ്കത്തറ എന്നിവിടങ്ങളില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയും വഴിക്കടവില്‍ മൂന്ന് പേര്‍ക്കേതിരെയും മമ്പാട് 75 പേര്‍ക്കെതിരെയും നിലമ്പൂരില്‍ 20 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. റോഡ് തടഞ്ഞതിനെ തുടര്‍ന്ന് വഴിക്കടവ് കെട്ടുങ്ങലില്‍ സമരക്കാര്‍ക്ക് നേരെ പോലിസ് ലാത്തിവീശി. നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബേക്കറി അടക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ വനിതാ കൗണ്‍സിലറായ കടയുടമ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. ഇരുചക്ര വാഹനങ്ങളും വിവാഹ, മരണ വീടുകളിലേക്ക് എത്തിയ വാഹനങ്ങളും സമരക്കാര്‍ മണിക്കൂറോളം തടഞ്ഞിട്ടു.

 

 

 

Latest