Connect with us

Kerala

വനിതാ ഡോക്ടറുടെ മരണം: ആര്‍സിസിക്ക് വീഴ്ചയില്ല; രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) ചികിത്സയിലായിരുന്ന ഡോ. മേരി റെജി മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോല്‍ ഡോ. മേരി റെജി ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്നും ആര്‍സിസിയില്‍ ചികിത്സയിലായിരുന്ന സമയത്ത് നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ആര്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാംദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രജനീഷ് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്കും ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യനും കൈമാറിയിട്ടുണ്ട്.

റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന ഡോ. റെജി ജേക്കബിന്റെ ഭാര്യ ഡോ. മേരി റെജി മാര്‍ച്ച് 18നാണ് മരിച്ചത്. ആര്‍സിസിയിലെ ചികിത്സാപിഴവിനെ തുടര്‍ന്നാണ് തന്റെ ഭാര്യ മരിച്ചതെന്ന് ഡോ. റെജി സമൂഹ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍.സി.സി ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

2017ലായിരുന്നു മേരി റെജിക്ക് പ്ലീഹയില്‍ അര്‍ബുദം ബാധിച്ചത്. തുടര്‍ന്ന് ആര്‍സിസിയില്‍ പ്രവേശിപ്പിപ്പോള്‍ പ്ലീഹ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, പ്ലീഹ നീക്കം ചെയ്യാനുള്ള ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവുകളെ തുടര്‍ന്ന് മേരി മരിച്ചുവെന്നായിരുന്നു ഡോ. റജിയുടെ ആരോപണം.