കോണ്‍ഗ്രസ് 218 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ മാത്രം
Posted on: April 17, 2018 6:13 am | Last updated: April 17, 2018 at 12:18 am

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 218 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് മാത്രമാണ് ജനവിധി തേടുന്നത്. സിദ്ധരാമയ്യ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രചാരണമുണ്ടായ ഉത്തര കര്‍ണാടകയിലെ ബദാമിയില്‍ ഡോ. ദേവരാജ് പാട്ടീലിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്:

സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര വരുണ മണ്ഡലത്തിലാണ് കന്നി അങ്കത്തിനിറങ്ങുന്നത്. മന്ത്രിമാരായ കെ ജെ ജോര്‍ജും യു ടി ഖാദറും ഇത്തവണയും ജനവിധി തേടും. കെ ജെ ജോര്‍ജ് സര്‍വജ്ഞനഗറില്‍ നിന്നും യു ടി ഖാദര്‍ മംഗളൂരുവില്‍ നിന്നുമാണ് മത്സരിക്കുന്നത്. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി ബി ടി എം ലേ ഔട്ടില്‍ നിന്നും മകള്‍ ജയനഗറില്‍ നിന്നും മത്സരിക്കും. നടനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷ് മാണ്ഡ്യയില്‍ തന്നെ ഗോദയിലിറങ്ങും.

ഏതാണ്ട് എല്ലാ സിറ്റിംഗ് എം എല്‍ എ മാര്‍ക്കും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം, യുവാവിനെ അതിക്രൂരമായി മര്‍ദിച്ച മകന്റെ പേരില്‍ വിവാദക്കുരുക്കിലായ ശാന്തിനഗര്‍ എം എല്‍ എ എന്‍ എ ഹാരിസിന് സീറ്റ് നല്‍കിയിട്ടില്ല. ശാന്തിനഗറില്‍ നിന്ന് റിസ്‌വാന്‍ അര്‍ശാദിനെയാണ് പാര്‍ട്ടി കളത്തിലിറക്കിയിരിക്കുന്നത്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ദിനേഷ് ഗുണ്ടുറാവു ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.

ഊര്‍ജ മന്ത്രി ഡി കെ ശിവകുമാര്‍ കനകപുരയില്‍ നിന്ന് മത്സരിക്കും. കെ പി സി സി അധ്യക്ഷന്‍ ഡോ. ജി പരമേശ്വരക്ക് കൊരാട്ടഗിരിയില്‍ നിന്നാണ് ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഈ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടിരുന്നു.

എന്നാല്‍, ഇത്തവണ ജയിക്കാന്‍ കഴിയുമെന്നാണ് പരമേശ്വരയുടെ കണക്കുകൂട്ടല്‍. ആര്‍ വി ദേശ്പാണ്ഡെ ഹാല്യാല്‍ മണ്ഡലത്തില്‍ മത്സരിക്കും. രാജരാജേശ്വരി മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് നേതാവ് മുനിരത്‌ന മത്സരിക്കുന്നത്. സമീപ കാലത്ത് ഗുണ്ടല്‍പേട്ട്, നഞ്ചന്‍കോട് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവര്‍ക്ക് തന്നെയാണ് കോണ്‍ഗ്രസ് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്. ഗുണ്ടല്‍പേട്ടില്‍ മന്ത്രി എച്ച് സി മഹാദേവ പ്രസാദിന്റെ ഭാര്യ ഗീതാ മഹാദേവ പ്രസാദും നഞ്ചന്‍കോട് കലാലെ എന്‍ കേശവമൂര്‍ത്തിയും വീണ്ടും ജനവിധി തേടും.
കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ യോഗങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് അന്തിമ പട്ടിക പുറത്തിറക്കിയത്. ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.

സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന ബി ജെ പിയെയും ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെയും സംബന്ധിച്ച് വലിയ പരീക്ഷണമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞടെുപ്പ്. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകത്തില്‍ അധികാരത്തില്‍ തുടരുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് തീര്‍ത്തും നിര്‍ണായകമാണ്. മെയ് 12നാണ് തിരഞ്ഞെടുപ്പ്.

 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
പട്ടികക്കെതിരെ പ്രതിഷേധം ശക്തം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപക പ്രതിഷേധം. സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികളുടെ അനുയായികള്‍ പലയിടങ്ങളിലും അക്രമം നടത്തി. ബെംഗളൂരു ക്യൂന്‍സ് റോഡിലെ കെ പി സി സി ആസ്ഥാനത്തും തുമകൂരു, ബല്ലാരി, ചിക്കമംഗളൂരു, ബഗല്‍കോട്ട്, മാണ്ഡ്യ എന്നിവിടങ്ങളിലും പ്രവര്‍ത്തകരുടെ വലിയതോതിലുള്ള പ്രതിഷേധ സമരങ്ങള്‍ അരങ്ങേറി. മിക്കയിടങ്ങളിലും റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ പലയിടത്തും ഫലം കണ്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. ചിക്കമംഗളൂരു, ബല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തിട്ടുണ്ട്.

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവ് രവികുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്തെത്തിയത്. പ്രവര്‍ത്തകര്‍ മാണ്ഡ്യയില്‍ പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു. ഇവിടെ സിറ്റിംഗ് എം എല്‍ എ അംബരീഷിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് നാരായണ മൂര്‍ത്തിയെ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ നെലമംഗലയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹൈവേയില്‍ ടയറുകള്‍ കത്തിച്ച് റോഡ് ഉപരോധിച്ചു.