ട്രംപിന് സ്ത്രീകള്‍ വെറും ഇറച്ചിത്തുണ്ടുകള്‍: ജെയിംസ് കോമി

ആഞ്ഞടിച്ച് വീണ്ടും മുന്‍ എഫ് ബി ഐ ഡയറക്ടര്‍
Posted on: April 17, 2018 6:15 am | Last updated: April 17, 2018 at 12:10 am

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ധാര്‍മികമായി യോജിച്ച ആളല്ലെന്ന് എഫ് ബി ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമി. കഴിഞ്ഞ വര്‍ഷം എഫ് ബി ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കോമിയെ ട്രംപ് നീക്കം ചെയ്തിരുന്നു. എ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിനെതിരെ കോമി ആഞ്ഞടിച്ചത്.

പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ട്രംപിന് ധാര്‍മികമായി അവകാശമില്ല. സ്ത്രീകളെ കേവലം ഇറച്ചിത്തുണ്ടുകളായാണ് അദ്ദേഹം കാണുന്നത്. ട്രംപ് നിരന്തരം കളവ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. നീതി നടപ്പാക്കുന്നതില്‍ തടസ്സം നില്‍ക്കുന്നതുമാണ് അദ്ദേഹത്തിന്റെ സ്വഭാവം. ആരോഗ്യപരമായി അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് ചിന്തിക്കുന്നില്ല. എന്നാല്‍ ധാര്‍മികമായി അദ്ദേഹം അതിന് യോഗ്യനല്ല.

ഈ രാജ്യത്തിന്റെ സര്‍വ്വവുമായ മൂല്യങ്ങളെ സ്വാംശീകരിക്കാനും മറ്റുള്ളവരെ ബഹുമാനിക്കാനും പ്രസിഡന്റ് തയ്യാറാകണമെന്നും കോമി ആവശ്യപ്പെട്ടു. അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ജെയിംസ് കോമിയുടെ പുതിയ പുസ്തകത്തില്‍ ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനം ഉള്ളതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.