മതിയായ ചികിത്സ ലഭിച്ചില്ലെന്ന്: പനി ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു

  • പ്രതിഷേധവുമായി സി പി എമ്മും കോണ്‍ഗ്രസും
  • ആരോഗ്യ വിജിലന്‍സ് അന്വേഷണം നടത്തും
Posted on: April 16, 2018 9:40 pm | Last updated: April 17, 2018 at 12:44 am

മാനന്തവാടി: പനിബാധിച്ച് അവശനിലയിലായ ആദിവാസി സ്ത്രീ മരിച്ചു. എടവക രണ്ടേനാല്‍ താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61)ആണ് മരിച്ചത്. പനിയും ഛര്‍ദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ ഇന്നലെ രാവിലെ ഒമ്പതരയോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കിടത്താന്‍ ബെഡില്ലെന്നു പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ചാപ്പക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

മരുന്ന് കഴിച്ചിട്ടും അസുഖം കുറവില്ലെങ്കില്‍ വരണമെന്നും അറിയിച്ചിരുന്നു. വീട്ടിലെത്തിയ ഉടന്‍ ചപ്പ കുഴഞ്ഞ് വീഴുകയും ആശുപത്രി മാര്‍ഗ മധ്യേ മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു. ഡോക്ടര്‍മാരുടെ സമരമാണ് മരണത്തിലേക്ക് വഴിവെച്ചതെന്നാരോപിച്ചാണ് സി പി എം രംഗത്തു വന്നത്. തുടര്‍ന്ന് രാവിലെ 12ഓടെ ജില്ലാ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയ ഡി എം ഒ യെ തടഞ്ഞു.

ഡോക്ടര്‍ക്ക് ഏതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അവശ്യപ്പെട്ടാണ് സി പി എം ഡി എം ഒ യെ ഉപരോധിച്ചത്. 2.30 ഓടെ പ്രതിഷേധവുമായി യു ഡി ഫ് പ്രവര്‍ത്തകരും അശുപത്രിക്ക് മുന്നില്‍ സമരം അരംഭിച്ചു. വൈകുന്നേരത്തോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി എം ഒ ഓഫീസ് ഉപരോധിച്ചു. എന്നാല്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ചപ്പയുടെ ഭര്‍ത്താവ് വേരന്‍ പറഞ്ഞു. ആദിവാസി വീട്ടമ്മയായ ചപ്പക്ക് ചികിത്സാ നിഷേധമുണ്ടായില്ലെന്ന് ഡി എം ഒ. പി ജയേഷും പറഞ്ഞു. സംഭവം ആരോഗ്യ വകുപ്പ് വിജിലന്‍സ് വിശദ അന്വേഷണം നടത്തുമെന്നും ഡി എം ഒ പറഞ്ഞു.

ചികിത്സക്കെത്തിയപ്പോള്‍ ചാപ്പ അവശ നിലയിലായിരുന്നില്ലെന്നും പരിശോധിച്ച് മരുന്ന് നല്‍കി വിടുകയുമായിരുന്നുവെന്നും ഡി എം ഒ അറിയിച്ചു. രക്ത സമ്മര്‍ദ്ദവും പനിയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാലാണ് വിട്ടത്. സംഭവം ആരോഗ്യ വകുപ്പ് വിജിലന്‍സ് വിശദ അന്വേഷണം നടത്തുമെന്നും പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുമെന്നും ഡി എം ഒ പറഞ്ഞു.