Connect with us

Kerala

സര്‍ക്കാര്‍ കണ്ണുരുട്ടി; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌കരിച്ച് നടത്തിവന്ന സമരം പിന്‍വലിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വൈകുന്നേരത്തെ ഒ പി പദ്ധതിയില്‍ വിട്ടുവീഴ്ചയില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

മൂന്ന് ഡോക്ടര്‍മാരുടെ പി എച്ച് സികളില്‍ വൈകുന്നേരം ആറ് വരെ ഒ പി നടത്താന്‍ സന്നദ്ധരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് ഡോക്ടര്‍മാരെ പുനര്‍വിന്യാസം ചെയ്യുമെന്ന് മന്ത്രിയും ഉറപ്പുനല്‍കി. ഇനി മുന്‍കൂര്‍ നോട്ടീസില്ലാതെ സമരം നടത്താന്‍ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ ജി എം ഒക്ക് കര്‍ശന നിര്‍ദേശം നല്‍കി. സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍മാര്‍ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നും മന്ത്രി നിലപാട് വ്യക്തമാക്കി. ഇന്നലെ ഉച്ചക്കുതന്നെ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിക്കാതെ ചര്‍ച്ചക്കില്ലെന്ന് ആരോഗ്യമന്ത്രി നിലപാട് എടുത്തതോടെ സമരം തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. സമരം അവസാനിപ്പിച്ച് വന്നാല്‍ ചര്‍ച്ചയെന്ന് ആരോഗ്യമന്ത്രിയും ചര്‍ച്ചക്ക് ശേഷം സമരം അവസാനിപ്പിക്കാമെന്ന് കെ ജി എം ഒ എയും വാശിപിടിച്ചതോടെ അനുരഞ്ജനം അനിശ്ചിതമായി നീണ്ടു പോകുകയായിരുന്നു.

നാളെ മുതല്‍ കിടത്തിച്ചികിത്സ ബഹിഷ്‌കരിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് കടക്കാനായിരുന്നു തീരുമാനം. ഇന്നലെ പല ഘട്ടങ്ങളിലും സമരം അവസാനിക്കുമെന്ന് കരുതിയെങ്കിലും ഡോക്ടര്‍മാരും സര്‍ക്കാറും പിടിവാശിയില്‍ ഉറച്ചതോടെ രാത്രി വരെ അനിശ്ചിതത്വം തുടര്‍ന്നു. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം രാത്രി എട്ടോടെ ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് നാല് ദിവസം നീണ്ട സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ചൊവ്വാഴ്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ള സി പി എം നേതാക്കള്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലേക്ക് പോകുന്നതുകൂടി കണക്കിലെടുത്തായിരുന്നു ചര്‍ച്ച. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ പിക്ക് ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണമെന്നും പാലക്കാട് കുമരംപുത്തൂരില്‍ സായാഹ്ന ഒ പിക്ക് വിസമ്മതിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു സമരം.

Latest