Connect with us

National

കണക്ക് ചെയ്തില്ല; അധ്യാപകന്‍ രണ്ടാം ക്ലാസുകാരന്റെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി

Published

|

Last Updated

മുംബൈ: കണക്ക് ചെയ്യാത്തതില്‍ പ്രകോപിതനായ അധ്യാപകന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ തൊണ്ടയിലേക്ക് ചൂരല്‍ കുത്തിക്കയറ്റി. ഗുരുതരമായി പരുക്കേല്‍ക്കുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്ത കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് .

മഹാരാഷ്ട്രയിലെ കുര്‍ജാത് ഉപജില്ലയില്‍ പിംപാല്‍ഗോണ്‍ ഗ്രാമത്തിലെ സില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളിലാണ് ചൊവ്വാഴ്ച സംഭവം നടന്നത്. രോഹിന്‍ ഡി ജന്‍ജിന്‍ എന്ന കുട്ടിയാണ് അധ്യാപകന്റെ ക്രൂരതക്കിരയായത്. ക്ലാസില്‍ അധ്യാപകന്‍ കുട്ടികള്‍ക്ക് കണക്ക് ചെയ്യാന്‍ നല്‍കി. എന്നാല്‍ രോഹന് കണക്ക് ചെയ്യാനായില്ല. ഇതില്‍ രോഷാകുലനായ അധ്യാപകന്‍ കൈയിലുണ്ടായിരുന്ന ചൂരല്‍ കുട്ടിയുടെ തൊണ്ടയിലേക്ക് കുത്തിയിറക്കുകയായിരുന്നു.

ശ്വാസനാളത്തിനും അന്നനാളത്തിനും പരുക്കേറ്റ് കുട്ടി ക്ലാസില്‍ ബോധംകെട്ട് വീഴുകയായിരുന്നു. പേടിച്ച് വിറച്ച മറ്റ് കുട്ടികളാണ് സംഭവം പുറത്തറിയിച്ചത്. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധിക്യതര്‍ പറഞ്ഞു. എന്നാല്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തിട്ടില്ല.