അമേരിക്കയും സഖ്യരാജ്യങ്ങളും സിറിയയില്‍ വ്യോമാക്രമണം തുടങ്ങി

Posted on: April 14, 2018 7:50 am | Last updated: April 14, 2018 at 12:04 pm

ഡമസ്‌കസ്: സിറിയയില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ചേര്‍ന്ന് വ്യോമാക്രമണം തുടങ്ങി. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലും ദുമയിലുമാണ് ആക്രമണം നടക്കുന്നത്. ഡമാസ്‌കസില്‍ കനത്ത ബോംബാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡമാസ്‌ക്കസിലെ സിറിയന്‍ സയന്റിഫിക് റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയിന്‍ ഒബ്‌സര്‍ വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. യുഎസിന് പുറമെ ബ്രിട്ടനും ഫ്രാന്‍സസും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. ആക്രമണ വാര്‍ത്ത മൂന്ന് രാഷ്ട്രതലവന്മാരും സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച രാത്രി വൈകിയാണ് വൈറ്റ് ഹൗസില്‍ നിന്ന് ആക്രമണത്തിന് ആഹ്വാനം നല്‍കിയുള്ള സന്ദേശം എത്തിയത്. രാസായുധ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണന്നും രാസായുധ പ്രയോഗം ബഷര്‍ അല്‍ അസദ് നിര്‍ത്തുന്നത് വരെ ആക്രമണം തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങളെല്ലാം തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര കലഹം രൂക്ഷമായ സിറിയയില്‍ ഇതാദ്യമായാണ് പാശ്ചാത്യ ശക്തികള്‍ നേരിട്ട് ആക്രമണം നടത്തുന്നത്. സിറിയയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ രാസായുധ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറിയയില്‍ ആക്രമണം നടത്തുമെന്ന സൂചന ട്രംപ് നല്‍കിയിരുന്നു.