കെ എഫ് സി പലിശനിരക്കുകള്‍ കുറക്കുന്നു; ലക്ഷ്യം വ്യവസായ മേഖലയുടെ വളര്‍ച്ച

Posted on: April 14, 2018 6:24 am | Last updated: April 14, 2018 at 12:37 am

തിരുവനന്തപുരം: വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ എഫ് സി) പലിശനിരക്കുകള്‍ ഗണ്യമായി കുറക്കുന്നു. നിലവിലെ 16 ശതമാനത്തില്‍ നിന്ന് 10 മുതല്‍ 12 ശതമാനം വരെയുള്ള നിരക്കില്‍ ഇനി ഉപഭോക്താക്കള്‍ക്ക് കെ എഫ് സിയില്‍ നിന്ന് വായ്പ ലഭിക്കും. ഒപ്പം നിലവിലെ നിഷ്‌ക്രിയ ആസ്തികള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വളരെ ഉദാരമായ രീതിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും കെ എഫ് സി നടപ്പാക്കും. ഇതുകൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി രണ്ട് പുതിയ ഉത്പന്നങ്ങളും അവര്‍ വിപണിയില്‍ ഇറക്കും. ഇവയെല്ലാം ഉള്‍പ്പെടുന്ന കെ എഫ് സിയുടെ പുതിയ വീക്ഷണരേഖ അടുത്തമാസം എട്ട്്്, ഒന്‍പത്് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ പ്രകാശിപ്പിക്കും.

ബേങ്കുകളെക്കാള്‍ കുറഞ്ഞ നിരക്കില്‍ വ്യാവസായിക വായ്പ നല്‍കി കെ എഫ് സിയെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ധനകാര്യസ്ഥാപനമാക്കി മാറ്റാനാണ് ശ്രമമെന്ന് മന്ത്രി ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 14.5 മുതല്‍ 16 ശതമാനം വരെ നിരക്കിലാണ് വായ്പകള്‍ നല്‍കുന്നത്. ഇപ്പോള്‍ കേന്ദ്രസ്ഥാപനമായ ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍(ഐ ഐ എഫ് സി എല്‍) നിന്ന് 8.47 ശതമാനത്തിന് 200 കോടി രൂപയും ബോണ്ട് വിപണിയില്‍ നിന്ന് 8.6 ശതമാനം പലിശക്ക് 150 കോടി രൂപയും വായ്പ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ എഫ് സി വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് 9.50 ശതമാനമാക്കി മാറ്റും. ഇതിലൂടെ 10 ശതമാനം മുതല്‍ 12 വരെ ശതമാനം പലിശക്ക് വായ്പ ലഭിക്കും.

നിലവില്‍ വായ്പ കുടിശ്ശികയായവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അവ തിരിച്ചടക്കാന്‍ അവസരമൊരുക്കും. 30 വര്‍ഷത്തിന് മുകളിലുള്ള വായ്പകളില്‍ തുകയുടെ ഒന്നര ശതമാനം അടച്ച് തീര്‍പ്പാക്കാം. അടുത്തിടെ എടുത്ത വായ്പകളില്‍ 20 ലക്ഷം രൂപ വരെയുളളവക്ക് 9.5 ശതമാനം പലിശനിരക്കില്‍ മൊത്തം കൂട്ടി അടച്ച് തീര്‍ക്കാം. 20നും 50ഉം ലക്ഷത്തിനിടയിലാണെങ്കില്‍ പലിശ 10.5 ശതമാനവും 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ 11 ശതമാനവും പലിശ കണക്കാക്കും. മുതലെങ്കിലും തിരിച്ചുകിട്ടുന്ന തരത്തിലാണ് ഇത് നടപ്പാക്കുന്നത്. അടുത്തമാസം ഒന്‍പതിന്് തിരുവനന്തപുരത്ത് ഇതിനുള്ള അദാലത്ത് നടക്കും. ഒരു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും ഇത് നടക്കുക.

പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. അവര്‍ക്ക് വേണ്ട മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുക്കും. യന്ത്രങ്ങള്‍ക്കും മറ്റും ഓഡര്‍ നല്‍കിയിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മറ്റ് ജാമ്യമില്ലാതെ അതിന്റെ അടിസ്ഥാനത്തില്‍ തന്നെ വായ്പ നല്‍കും. അതുപോലെ ഇവര്‍ക്കായി വെഞ്ച്വര്‍ ഡെബ്റ്റ് സ്‌കീമും നടപ്പാക്കും. ഇതിന് മൂന്ന് വര്‍ഷം വരെ മൊറട്ടോറിയം ഉണ്ടായിരിക്കും. ഇനിമുതല്‍ ഒരു വായ്പയും ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നല്‍കില്ല. 50,000 രൂപ വരെയുള്ള വായ്പകള്‍ അതത് ശാഖകള്‍ പരിശോധിച്ച് അനുവദിക്കും. അതിന് മുകളിലുള്ള വായ്പകളുടെ അപേക്ഷകള്‍ ശാഖയുടെ നിര്‍ദേശമുള്‍പ്പെടുത്തി മേഖലാ ഓഫീസുകളിലേക്ക് അയക്കണം. ഇതിനായി മൂന്ന് മേഖല ഓഫീസുകള്‍ സ്ഥാപിക്കും. അവിടെ നല്ല പരിചയസമ്പന്നരായ ജീവനക്കാരെ നിയമിക്കും. അവര്‍ ശരിയായി പരിശോധിച്ച് വിലയിരുത്തി ഏഴ്ദിവസത്തിനുള്ളില്‍ വായ്പ അനുവദിക്കും.

നിലവില്‍ 700 കോടിയോളം രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് കെ എഫ് സിക്കുള്ളത്. അത് പരമാവധി ഇല്ലാതാക്കി കൂടുതല്‍ കുറഞ്ഞ നിരക്കില്‍ വായ്പക്ക് പണം ലഭ്യമാക്കി കുറഞ്ഞ പലിശനിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനാണ് നീക്കം. കെ എഫ്്് സിയുടെ വിഷന്‍ ഡോക്യുമെന്റ്് പ്രകാശനവും പുതിയ വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും തോമസ്് ഐസക് നിര്‍വഹിച്ചു.