ഗോള്‍ഡ് കോസ്റ്റില്‍ ദംഗല്‍ ക്ലൈമാക്‌സ് ആവര്‍ത്തിച്ചു

Posted on: April 14, 2018 6:21 am | Last updated: April 14, 2018 at 12:24 am

ഗോള്‍ഡ് കോസ്റ്റ്: ആമിര്‍ ഖാന്‍ ചിത്രമായ ദംഗല്‍ ക്ലൈമാക്‌സ് സീന്‍ ഗോള്‍ഡ് കോസ്റ്റില്‍ ആവര്‍ത്തിച്ചു. മഹാവീര്‍ ഫോഗട്ട് എന്ന ഫയല്‍വാന്റെയും മക്കളുടെയും കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഫൈനല്‍ മത്സരം കാണാന്‍ കഴിയാത്ത പിതാവിന്റെ മാനസികാവസ്ഥ പ്രേക്ഷകരുടെ കണ്ണ് നനയിച്ചിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ മഹാവീറിന്റെയും, ഇന്ത്യയുടെ മെഡല്‍ ജേതാവായ മകള്‍ ബബിത കുമാരി ഫോഗട്ടിന്റെയും കാര്യത്തിലും ഇത് തുടര്‍ന്നു. ഗോള്‍ഡ് കോസ്റ്റിലെ കരാര സ്‌പോര്‍ട്‌സ് അരീനയില്‍ കാനഡയുടെ ഡയാന വിക്കറിനെതിരെയുള്ള ഫൈനല്‍ മത്സരം കാണാനുള്ള ടിക്കറ്റ് മഹാവീറിന് ലഭിച്ചില്ല.

വിദേശത്ത് ആദ്യമായി മത്സരം വീക്ഷിക്കാനെത്തിയ പിതാവിന് കൊടുക്കാനായി അത്‌ലറ്റിന് കൊടുക്കുന്ന രണ്ട് കസ്റ്റമറി ടിക്കറ്റുകള്‍ പോലും ബബിതക്ക് ലഭിച്ചില്ല. ഇന്ത്യയുടെ ചെഫ്ഡിമിഷന്‍ വിക്രം സിസോദിയയോട് ആവശ്യപ്പെട്ടിട്ടും ബബിതക്ക് ടിക്കറ്റ് ലഭിച്ചില്ല. എന്നാല്‍ ഗുസ്തി താരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ കോച്ച് രാജീവ് തോമറിന്റെ പക്കല്‍ നല്‍കിയിരുന്നുവെന്നാണ് സിസോദിയ അവകാശപ്പെടുന്നത്. ഫൈനല്‍ കാണാന്‍ പിതാവിന് അവസരം നല്‍കാന്‍ അവസാനം വരെ കാത്തിരുന്നതാണ് ബബിതയെ സങ്കടപ്പെടുത്തുന്നത്. ഒടുവില്‍ ഓസ്‌ട്രേലിയന്‍ ടീമാണ് താരത്തിന്റെ സഹായത്തിനെത്തിയത്. ഇതുവഴി അരീനയില്‍ കടക്കാന്‍ സാധിച്ചെങ്കിലും മത്സരം കാണാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ ബബിതയ്ക്ക് വെള്ളി മെഡലാണ് ലഭിച്ചത്.

നേരത്തെ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ പിതാവിന് മത്സരം കാണാന്‍ അക്രഡിറ്റേഷന്‍ പാസ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ഭീഷണി മുഴക്കി ആവശ്യം നേടിയെടുത്തിരുന്നു.