ഡോക്ടര്‍മാരുടെ സമരത്തില്‍ രോഗികള്‍ വലഞ്ഞു

Posted on: April 14, 2018 6:22 am | Last updated: April 13, 2018 at 11:27 pm

തിരുവനന്തപുരം: ഒ പി സമയം കൂട്ടിയതുള്‍പ്പടെയുളള സര്‍ക്കാറിന്റെ ആരോഗ്യനയങ്ങളില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരം തുടങ്ങിയത് രോഗികളെ വലച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ല, ജനറല്‍ ആശുപത്രികള്‍ വരെയുള്ള സ്ഥലങ്ങളില്‍ സമരം അറിയാതെ എത്തിയ നൂറുകണക്കിന് രോഗികള്‍ വലഞ്ഞു. ചിലയിടങ്ങളില്‍ പ്രത്യേക കൗണ്ടര്‍ ക്രമീകരിച്ച് സമരത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. അടിയന്തര സേവനങ്ങളെയും കിടത്തിചികിത്സയെയും സമരം കാര്യമായി ബാധിച്ചില്ല.

ആര്‍ദ്രം പദ്ധതിയുടെ പേരില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയ ആശുപത്രികളില്‍ ഒ പി സമയം കൂട്ടിയതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് പ്രധാന കാരണം. ഇതിന് പുറമെ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തതിലും സര്‍ക്കാറിന്റെ ആരോഗ്യനയങ്ങളില്‍ പ്രതിഷേധിച്ചുമാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ സമരം ആരംഭിച്ചത്. അതേസമയം, താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തില്ല.