തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നവാസ് ശരീഫിന് ആജീവനാന്ത വിലക്ക്

Posted on: April 14, 2018 6:19 am | Last updated: April 13, 2018 at 10:57 pm

ഇസ്‌ലാമാബാദ്: പുറത്താക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ജീവിതകാലം മുഴുവന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി. ഭരണഘടനയിലെ 62(1)(എഫ്)വകുപ്പ ്പ്രകാരമാണ് നവാസ് ശരീഫിന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അഴിമതി കേസിലാണ് പാക് സുപ്രീം കോടതിയിലെ അഞ്ചംഗം ബഞ്ച് ഐകകണ്‌ഠ്യേന ശരീഫിന് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. ഭരണഘടന അനുശാസിക്കുന്നത് പ്രകാരം ഏതെങ്കിലും വ്യക്തി മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനായാല്‍ അയാളെ ജീവിത കാലം മുഴുവന്‍ അയോഗ്യനാക്കാമെന്ന് കോടതി നിരീക്ഷിച്ചു.

പ്രധാനമന്ത്രി ഓഫീസില്‍ നിന്ന് നവാസ് ശരീഫിനെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അയോഗ്യനാക്കി ഉത്തരവിറക്കിയിരുന്നു. പനാമ പേപ്പര്‍ ലീക്കുമായി ബന്ധപ്പെട്ടുണ്ടായ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. മൂന്ന് തവണ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി സേവനം ചെയ്ത അദ്ദേഹം അഴിമതി കേസില്‍ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ കേസില്‍ കോടതി വിധിയുണ്ടാകുമെന്നാണ് സൂചന. വരുന്ന ജൂലൈയില്‍ പാക് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവാസ് ശരീഫിനെതിരെയുള്ള ഇപ്പോഴത്തെ കോടതിയുടെ വിധി ഏറെ നിര്‍ണായകമാണ്.

അതേസമയം, കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശവുമായി അദ്ദേഹത്തിന്റെ പി എം എല്‍ എന്‍ പാര്‍ട്ടി രംഗത്തെത്തി. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് കോടതി വിധിയെന്നും അദ്ദേഹത്തിനെതിരെയുള്ള വിചാരണ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും പി എം എല്‍ എന്‍ മന്ത്രി മറിയം ഔറംഗസേബ് ചൂണ്ടിക്കാട്ടി.