Connect with us

Articles

ചെപ്പോക്കിലെ പിച്ചില്‍ കാവേരി ഒഴുകിയപ്പോള്‍

Published

|

Last Updated

അങ്ങനെ തമിഴന്റെ പ്രാദേശികവാദ വീര്യത്തിനുമുന്നില്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ ടൂര്‍ണമെന്റായ ഐ പി എല്ലിനും കീഴടങ്ങേണ്ടിവന്നു. കാവേരി നദിയിലെ കുടിവെള്ളത്തിനുവേണ്ടി തമിഴ് ജനത പോരാട്ടം നടത്തുമ്പോള്‍ ഐ പി എല്ലിനെ പോലുള്ള ചൂതാട്ടങ്ങള്‍ തമിഴ്‌നാട്ടില്‍ വേണ്ടെന്ന് പറഞ്ഞ് നിരവധി തമിഴ് സംഘടനകളും സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. കാവേരി പ്രശ്‌നപരിഹാരത്തിനായി ബോര്‍ഡ് രൂപവത്കരിക്കുന്നതുവരെ ഐ പി എല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നടത്താന്‍ അനുവദിക്കില്ലെന്നതാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ എന്തുവന്നാലും ചെന്നൈയില്‍ തന്നെ മത്സരങ്ങള്‍ നടത്തുമെന്ന നിലപാടിലായിരുന്നു ഐ പി എല്‍ അധികൃതര്‍. അതനുസരിച്ച് കൊല്‍ക്കത്തയുമായുള്ള ആദ്യ ഹോം മത്സരം നടത്തുകയും ചെയ്തു. 2000 ത്തിലേറെ പോലീസുകാരെ സുരക്ഷക്കായി സ്റ്റേഡിയത്തില്‍ അണിനിരത്തിയിരുന്നെങ്കിലും മത്സരത്തിനിടക്ക് താരങ്ങള്‍ക്കുനേരെ ചെരിപ്പെറിഞ്ഞത് വാര്‍ത്തയായിരുന്നു. രാജ്യത്തെ ഭരണകൂടത്തെ പോലും ഗൗനിക്കാതെ മുന്നോട്ടുപോയിക്കൊണ്ടിരുന്ന ക്രിക്കറ്റ് സംഘടന ബി സി സി ഐക്ക് അടുത്തിടെയാണ് സുപ്രീംകോടതി മൂക്കുകയറിട്ടത്. അത്തരമൊരു സ്വയംഭരണ സംവിധാനത്തെയാണ് തമിഴര്‍ തങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിന് വരച്ചവരയില്‍ നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ മത്സരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടത്താതെ പൂനെയിലേക്ക് മാറ്റാനുള്ള ഐ പി എല്‍ ഗവേണിംഗ് ബോര്‍ഡിയുടെ തീരുമാനം ഏതായാലും നന്നായിരിക്കുകയാണ്. കാരണം ഐ പി എല്‍ എന്നത് ലോകതലത്തില്‍ തന്നെ ഏറ്റവും ഗ്ലാമറുള്ള ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. അതില്‍ ഓരോ ടീമിനുവേണ്ടിയും നിരവധി വിദേശികള്‍ കളിക്കുകയും ചെയ്യുന്നു. ഒരു സംസ്ഥാനത്തിന്റെ താത്പര്യത്തിനുവേണ്ടിയുള്ള പ്രതിഷേധത്തില്‍ ഇതിലാര്‍ക്കെങ്കിലും വല്ല അപായവും സംഭവിച്ചാല്‍ അതിന് രാജ്യം മറുപടി പറയേണ്ടിയും വരും. കാവേരി പ്രശ്‌നം ഐ പി എല്ലുമായി കൂട്ടിക്കലര്‍ത്തി സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചെടുക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പലപ്പോഴും പ്രാദേശികവാദം കൊണ്ട് വെല്ലുവിളിച്ചിട്ടുള്ളതാണ് തമിഴന്റെ പ്രതികരണശേഷി. തമിഴന് ഒരുപ്രശ്‌നം വന്നാല്‍ അന്യരാജ്യക്കാരനായാലും അവനു വേണ്ടി വാദിക്കാന്‍ പലപ്പോഴും തമിഴ്‌നാട് ഒറ്റക്കെട്ടായിട്ടുണ്ട്. പുലിപ്രഭാകരനുവേണ്ടിയും എല്‍ ടി ടി ഇക്കുവേണ്ടിയും വാദിച്ചവരാണ് തമിഴര്‍.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടിന്റെ പ്രാദേശികവാദത്തിന്റെ രുചിയറിഞ്ഞതാണ്. ഡാം ഇന്ന് പൊട്ടും, നാളെ പൊട്ടും എന്നൊക്കെ പറഞ്ഞ് തലകുത്തി മറിഞ്ഞിട്ടും തമിഴ്‌നാടിന് മാത്രം ഒരു കുലുക്കവുമുണ്ടായിട്ടില്ല. ഒരു മാസത്തിനകം പുതിയ ഡാമിന് അനുമതി നല്‍കിയില്ലെങ്കില്‍ പി ജെ ജോസഫ് നിരാഹാരമിരിക്കുമെന്ന് പറഞ്ഞ് പോയതാ പിന്നെ ആ വഴി കണ്ടിട്ടില്ല. തങ്ങളുടെ സംസ്ഥാന താത്പര്യത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒരുപോലെയാണ്. സിനിമാനടന്മാരും രാഷ്ട്രീയക്കാരുമെല്ലാം. അതുകൊണ്ടാണല്ലോ രജനീകാന്ത് പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കാനിറങ്ങുമ്പോള്‍ കറുത്ത ബാഡ്ജ് ധരിച്ചിറങ്ങണമെന്ന്.

ക്രിക്കറ്റ് മാത്രമോ?

തമിഴര്‍ ജലത്തിനുവേണ്ടി പോരാടുമ്പോള്‍ ഐ പി എല്‍ പോലുള്ള കോടികളെറിഞ്ഞുള്ള ചൂതാട്ടങ്ങള്‍ സംസ്ഥാനത്ത് നടത്തരുതെന്ന് പറയുന്ന സിനിമാ താരങ്ങളെന്തേ കോടികളെറിഞ്ഞുള്ള തങ്ങളുടെ സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാകാത്തത്? ഈ ചോദ്യം തമിഴനോട് ചോദിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. വെള്ളവും ഭക്ഷണവും കിട്ടിയില്ലെങ്കിലും ദിവസം മൂന്ന് നേരം സിനിമ കാണണമെന്ന് ആഗ്രഹിക്കുന്ന ജനതയോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണത്. എന്നാലും വെള്ളം കിട്ടാതെ വലയുകയാണെങ്കില്‍ എന്തുകൊണ്ട് ആ രീതിയിലും ചിന്തിച്ചുകൂടാ? അല്ലെങ്കില്‍ ഐ പി എല്‍ കോഴ വിവാദത്തില്‍പ്പെട്ട് രണ്ടുകൊല്ലം വിലക്ക് നേരിട്ട ടീം സംസ്ഥാനത്ത് കളിക്കാന്‍ പാടില്ലെന്നൊന്നും തമിഴന്‍ ചിന്തിക്കാത്തതെന്തേ?

ഇരുകൈയും നീട്ടിയവര്‍

ചെപ്പോക്കില്‍ നിന്ന് മത്സരം മാറ്റുമെന്ന് കേട്ടപ്പോഴേക്കും മത്സരം നടത്താന്‍ ഇരുകൈയും നീട്ടിയവരില്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമുണ്ടായിരുന്നു. തിരുവനന്തപുരം വേദിയാക്കാമെന്നായിരുന്നു കെ സി എയുടെ കണക്കുകൂട്ടല്‍. തിരുവനന്തപുരത്തിനു പുറമേ വിശാഖപട്ടണം, പൂനെ, രാജ്‌കോട്ട് എന്നീ സ്റ്റേഡിയങ്ങളിലും മത്സരം നടത്താന്‍ സന്നദ്ധമായി ഇതര സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും മുന്നോട്ട് വന്നു. എന്നാല്‍ ഐ പി എല്‍ ഗവേണിംഗ് ബോഡി പൂനെക്കാണ് അവസരംകൊടുത്തിരിക്കുന്നത്. ഇവിടെ കേരളത്തെ സംബന്ധിച്ചിടത്തോളം ചെന്നൈയുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ അവസരം ലഭിക്കുന്നത് നേട്ടമാകുമായിരുന്നു. അതിനപ്പുറം ചിന്തിക്കേണ്ട വിഷയമുണ്ടായിരുന്നു. ഈ സ്റ്റേഡിയം ഇങ്ങനെ ദിവസങ്ങള്‍ക്കും മത്സരസജ്ജമാക്കാമായിരിക്കേയല്ലേ, ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനുവേണ്ടി കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയം കുത്തിപ്പൊളിക്കാന്‍ കെ സി എ ഇറങ്ങിപ്പുറപ്പെട്ടത്. അണ്ടര്‍-17 ലോകകപ്പിനുശേഷം ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച പുല്‍ത്തകിടി ക്രിക്കറ്റ് പിച്ചൊരുക്കാന്‍ കുത്തിമറിക്കാന്‍ ഒരുമ്പെട്ടവരുടെ ലക്ഷ്യമെന്തായിരുന്നു. മറ്റൊന്നുമായിരിക്കില്ല, മത്സരത്തിന്റെ പേരില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരെ നടത്തുക. അതുവഴി വല്ലതും കിട്ടുമെങ്കില്‍ കീശയിലാക്കുക. ഫുട്‌ബോള്‍ പ്രേമികളുടെ കനത്ത പ്രതിഷേധത്തിന് മുന്നില്‍ കെ സി എ തീരുമാനം മാറ്റിയെങ്കിലും അതൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

ക്രിക്കറ്റെന്നത് പണം കായ്ക്കുന്ന മരമായി മാറിയിട്ട് കാലങ്ങളായി. കായികമത്സരങ്ങള്‍ ആസ്വദിക്കുന്നതിന് പകരം ആഘോഷിക്കപ്പെടുന്നിടത്തേക്ക് ഐ പി എല്‍ പോലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഒരുതരം ആടിത്തിമര്‍ക്കലുകളായി ഇന്നത്തെ കായികമത്സരങ്ങള്‍ മാറിയിരിക്കുകയാണ്. നമുക്കറിയാം ഈവര്‍ഷത്തെ ഐ പി എല്‍ ഉദ്ഘാടന മാമാങ്കത്തില്‍ വെറും അഞ്ച് മിനിറ്റ് നൃത്തം അവതരിപ്പിക്കുന്നതിന് സിനിമാ നടി വാങ്ങുന്നത് ലക്ഷങ്ങളാണ്. പണമെറിഞ്ഞ് ലാഭം വര്‍ധിപ്പിക്കുകയാണ് ഐ പി എല്‍ പോലുള്ള ടൂര്‍ണമെന്റ് രാജ്യത്ത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഐ പി എല്ലിന്റെ ചുവടുപിടിച്ച് ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും പണക്കൊഴുപ്പിന്റെ കാര്യത്തില്‍ അത്രത്തോളം വരില്ലെങ്കിലും പയറ്റുന്നത് ഒരേതന്ത്രം തന്നെയാണ്. സെലിബ്രിറ്റികളെ രംഗത്തിറക്കി ജനങ്ങളെ കളി കാണാന്‍ വരുത്തുക, അതുവഴി ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് വര്‍ധിപ്പിക്കുകവഴി പരസ്യത്തിലൂടെ വരുമാനം നേടിയെടുക്കുക.

കഴിഞ്ഞ സീസണില്‍ മാത്രം 34,000 കോടി രൂപയാണ് ഐ പി എല്ലിലൂടെ ചെലവഴിക്കപ്പെട്ടത്. 2015-16 വര്‍ഷത്തില്‍ ബി സി സി ഐയുടെ വരുമാനം 1714 കോടി രൂപയാണ്. അതായത് മുന്‍വര്‍ഷത്തേക്കാള്‍ 928 ശതമാനം കൂടുതല്‍. ഈ കോടികളൊഴുകുന്നതിനിടയില്‍ ആരുടെയെങ്കിലും ജലലഭ്യതയെപ്പറ്റിയോ മറ്റോ ചിന്തിക്കേണ്ട ബാധ്യത ബി സി സി ഐക്കുണ്ടായിരിക്കില്ല.

ഐ പി എല്‍ എന്നല്ല ഏതാണ്ട് എല്ലാ കായികമത്സരങ്ങളും പണക്കൊഴുപ്പിന്റെ മേളകളായി മാറിയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് തമിഴ്‌നാട് ഐ പി എല്ലിനെതിരെ തിരിഞ്ഞുവെന്നതാണ് ആലോചിക്കേണ്ടത്. തങ്ങളുടെ സംസ്ഥാനത്തിന്റെ താത്പര്യസംരക്ഷണത്തിന് വേണ്ടി പ്രതിഷേധപ്രകടനങ്ങളും പ്രതികരണങ്ങളും വഴി കാര്യങ്ങള്‍ നേടിയെടുക്കുകയെന്നത് തമിഴ്‌നാടിന്റെ സ്ഥിരംസ്വഭാവമാണ്. അതുതന്നെയാണ് ഐ പി എല്‍ വിഷയത്തിലും സംഭവിച്ചിരിക്കുന്നത്. ഫെഡറല്‍ സംവിധാനം വരെ തകര്‍ക്കുന്ന രീതിയില്‍ പ്രക്ഷോഭങ്ങളിലൂടെ കാര്യങ്ങള്‍ സാധിച്ചെടുക്കുകയെന്നത് എത്രമാത്രം രാജ്യത്തിന് ഭൂഷണമാണെന്ന് ചിന്തിക്കേണ്ടതുണ്ട്.

Latest