അന്താരാഷ്ട്ര ഹദീസ് മനഃപാഠ മത്സരം; മര്‍കസ് വിദ്യാര്‍ഥിക്ക് ജയം

Posted on: April 13, 2018 9:42 pm | Last updated: April 13, 2018 at 9:42 pm
മുഹമ്മദ് ശഫീഖിന് ശൈഖ് സാലിം ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി പുരസ്‌കാരം
സമ്മാനിക്കുന്നു

ഷാര്‍ജ: അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റി, ഷാര്‍ജ ഖുര്‍ആന്‍ ആന്‍ഡ് ഹദീസ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് മനഃപാഠ മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥി മുഹമ്മദ് ശഫീഖിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജയം. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത മത്സരത്തില്‍ മുഹമ്മദ് ശഫീഖ് മൂന്നാം സ്ഥാനം നേടി. കാരന്തൂര്‍ മര്‍കസിലെ പഠനത്തിന് ശേഷം ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ അറബി സാഹിത്യത്തില്‍ ഉപരിപഠനം നടത്തുകയാണ് മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ശഫീഖ്. ഹസൈന്‍ മുസ്‌ലിയാര്‍-ഫാത്വിമ ദമ്പതികളുടെ മകനാണ്. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഭരണ കാര്യാലയ ഓഫീസ് മേധാവി ശൈഖ് സാലിം ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. റശാദ് സാലിം അധ്യക്ഷത വഹിച്ചു.

 

ALSO READ  സുൽത്താൻ ഖാബൂസ് ഒമാനെ സമൃദ്ധിയിലേക്ക് ഉയർത്തിയ പ്രതിഭാശാലിയായ ഭരണാധികാരി: കാന്തപുരം