Connect with us

National

ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എ അറസ്റ്റില്‍

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനെട്ടുകാരിയെ മാനഭംഗത്തിനിരയാക്കിയ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കര്‍ അറസ്റ്റില്‍. പുലര്‍ച്ചെ വീട്ടില്‍ വെച്ച് സിബിഐ കസ്റ്റഡിയിലെടുത്ത ഇയാളെ ലക്‌നോവിലെ സിബിഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. സെങ്കറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നലെ അര്‍ധ രാത്രി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ യുപി പോലീസ് കേസെടുത്തിരുന്നു. ഐപിസി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), 366 (സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം), 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരവും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. സ്വമേധയാ കേസെടുത്തഹൈക്കോടതി ആരോപണവിധേയനായ എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് എന്താണെന്ന് സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു.

മാനഭംഗക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവവുമായി ബന്ധപ്പട്ട് കുല്‍ദീപ് സിംഗിന്റെ സഹോദരന്‍ അതുല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. കേസില്‍ നടപടി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. കേസില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയതോടെ പിതാവിനെ എം എല്‍ എയുടെ ആളുകള്‍ മര്‍ദിച്ച് കൊന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് എം എല്‍ എക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്തുവന്നത്.