ബാര്‍കോഴ കേസ് : സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നീക്കി; മാണിക്ക് അനുകൂലമായ നീക്കമെന്ന് ആക്ഷേപം

  •  കോടതിയില്‍ നാടകീയ രംഗങ്ങള്‍
  • ജൂണ്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും
Posted on: April 13, 2018 6:18 am | Last updated: April 13, 2018 at 12:57 am

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നിയമോപദേശകനും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും തമ്മില്‍ കോടതിയില്‍ തര്‍ക്കത്തിന് പിന്നാലെ കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി സതീശനെ സര്‍ക്കാര്‍ നാടകീയമായി തത്സ്ഥാനത്ത് നിന്ന് മാറ്റി. ഇത് സംബന്ധിച്ച ഉത്തരവില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. അതേസമയം കേസില്‍ മാണി കുറ്റക്കാരന്‍ തന്നെയാണെന്നും തന്നെ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും പ്രതികരിച്ച കെ പി സതീശന്‍ മാണിക്കെതിരെ തെളിവുണ്ടെന്നും തുറന്നടിച്ചു.

ബാര്‍ കോഴക്കേസില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടനെയായിരുന്നു ബാര്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കെ പി സതീശനെ നിയമിച്ചത്. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടയില്‍ കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിജിലന്‍സിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍ ഹാജരാകുന്നതിനെ വിജിലന്‍സ് നിയമോപദേശകന്‍ സി സി അഗസ്റ്റിന്‍ എതിര്‍ത്തു. വിജിലന്‍സ് കോടതിയില്‍ ഹാജരാകുന്നത് തങ്ങളാണെന്ന് വിജിലന്‍സ് നിയമോപദേശകന്‍ പറഞ്ഞു. ഹൈക്കോടതിയില്‍ മാത്രമാണ് പ്രോസിക്യൂട്ടര്‍ ഹാജരാകേണ്ടതെന്നും അവര്‍ നിലപാടെടുത്തു. കെ എം മാണിയുടെ അഭിഭാഷകരും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായതിനെ എതിര്‍ത്തു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സിന് വേണ്ടി താനാണ് ഹാജരാകുന്നതെന്ന് പറഞ്ഞ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍ എഴുന്നേറ്റതോടെയാണ് കോടതിയില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായത്.

വിജിലന്‍സ് നിയമോപദേശകനും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായുളള തര്‍ക്കത്തെ തുടര്‍ന്ന് വിഷയത്തില്‍ കോടതി ഇടപെട്ടു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് കോടതി ചോദിച്ചു. വിജിലന്‍സിനു വേണ്ടി ഏത് അഭിഭാഷകന്‍ ഹാജരാവണമെന്ന് പറയാന്‍ പ്രതിക്ക് കഴിയുമോയെന്നും മാണിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. തുടര്‍ന്ന് അഭിഭാഷകരുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിക്കുകയായിരുന്നു. കേസ്്് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്കു മാറ്റിവച്ചു. കേസില്‍ ഹാജരാകാത്ത കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്നതിനും കോടതി ഉത്തരവിട്ടു.

കേസില്‍ ഹാജരായ വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുളളവര്‍ക്ക് വിശദമായ ആക്ഷേപം ഫയല്‍ ചെയ്യാന്‍ അവസരമുണ്ടെന്നും കോടതി പറഞ്ഞു. കേസില്‍ ഹാജരാകാതിരുന്ന എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രി വി എസ് സുനില്‍കുമാര്‍, സാറാ ജോസഫ് എന്നിവര്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.

സാഹചര്യത്തെളിവുകളും ശാസ്ത്രീയത്തെളിവുകളും ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് മാണിയെ കുറ്റവിമുക്തനാക്കിയത്. മൊഴി നല്‍കാന്‍ ബിജു രമേശ് ഒഴികെയുള്ള ഒരു ബാര്‍ ഉടമയും തയാറായിരുന്നില്ല. ഇക്കാര്യം വിജിലന്‍സ് ഹൈക്കോടതിയേയും അറിയിച്ചിരുന്നു. വി എസിന്റേത് ഉള്‍പ്പെടെയുള്ള നിരവധി ഹരജികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം.

യു ഡി ഫ് ഭരണ കാലത്ത് രണ്ട് തവണയാണ് ബാര്‍ക്കോഴ കേസ് ആദ്യം അന്വേഷണം നടത്തിയ ആര്‍ സുകേശന്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കെ എം മാണിയെ കുറ്റവിമുക്തനാക്കി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ച് തുടരന്വേഷണ ഉത്തരവ് സമ്പാദിച്ചത്. ഇതോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബാര്‍ കോഴ കേസില്‍ മൂന്നാമതും അന്വേഷണത്തിന് ഉത്തരവിട്ടു. 2017 ആഗസറ്റ് നാലിന് കേസില്‍ പുതിയ അന്വേഷണം ഡി വൈ എസ് പി ശ്യാംകുമാറിന്റ നേതൃത്വത്തില്‍ ആരംഭിച്ചു. പുതിയ അന്വേഷണത്തിലും പറയുന്നത് തെളിവുകളൊന്നും ഇല്ലെന്നു തന്നെയായിരുന്നു.

വി എസ് അച്യുതാനന്ദന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രി വി എസ് സുനില്‍ കുമാര്‍, ബാറുടമ ബിജു രമേശ്, ബി ജെ പി നേതാവ് വി മുരളീധരന്‍ എന്നിവരാണ് പരാതിക്കാര്‍. കെ എം മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പൂട്ടിയ 48 ബാറുകള്‍ തുറക്കാന്‍ മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നായിരുന്നു ബാറുടമ ബിജു രമേശ് ആരോപിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്് മുന്നില്‍ കണ്ട് മാണിയെ പിണക്കാതിരിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെന്നും ആക്ഷേപമുണ്ട്.