കിഴക്കന്‍ ദൗമയില്‍ നിന്ന് സിറിയ അവസാന വിമത സംഘത്തെയും പുറത്താക്കി

ആധിപത്യം സമ്പൂര്‍ണം
Posted on: April 13, 2018 6:12 am | Last updated: April 12, 2018 at 11:51 pm

ദമസ്‌കസ്: ദൗമയില്‍ നിന്ന് വിമതരുടെ അവസാന സംഘത്തെയും പുറത്തുചാടിച്ചതായി സിറിയന്‍ സൈന്യം. റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ കിഴക്കന്‍ ഗൗതയുടെ പൂര്‍ണ നിയന്ത്രണം സിറിയന്‍ സൈന്യത്തിന് കീഴിലായി. ഈ പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്ത ശേഷം റഷ്യന്‍ സൈനികരെ സുരക്ഷക്ക് വേണ്ടി ഇവിടെ നിയോഗിച്ചിരിക്കുകയാണ്.

കിഴക്കന്‍ ഗൗതക്ക് നേരെ കഴിഞ്ഞ രണ്ട് മാസമായി സിറിയന്‍, റഷ്യന്‍ സൈന്യങ്ങളുടെ സംയുക്ത വ്യോമാക്രമണം ശക്തിപ്പെടുത്തിയിരുന്നു. 2013 മുതല്‍ കിഴക്കന്‍ ഗൗതയുടെ നിയന്ത്രണം വിമതര്‍ക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം 18ന് സിറിയന്‍ സൈന്യവും റഷ്യന്‍ സൈന്യവും സംയുക്തമായി നടത്തിയ സൈനിക ഓപറേഷനില്‍ കിഴക്കന്‍ ഗൗതയുടെ ഭൂരിഭാഗവും പിടിച്ചെടുത്തു. വ്യത്യസ്ത ആക്രമണങ്ങളിലായി ഇതുവരെ 1500ലധികം പേര്‍ കൊല്ലപ്പെട്ടതായും 5,000ത്തിലധികം പേര്‍ക്ക് പരുക്കേറ്റതായും സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു.

സിറിയന്‍ സര്‍ക്കാറിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ബശാറുല്‍ അസദിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറിയയിലെ വിമതര്‍ പ്രവര്‍ത്തിക്കുന്നത്. സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കിഴക്കന്‍ ഗൗതയില്‍ നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇനിയും കൂടുതല്‍ പേര്‍ ഇവിടെ നിന്ന് പലായനം ചെയ്യാന്‍ കാത്തിരിക്കുന്നുമുണ്ട്. ഒഴിഞ്ഞുപോകുന്നവരെ സിറിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ദമസ്‌കസിലേക്കാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്.