കാംബ്രിഡ്ജ് അനലിറ്റിക്ക തന്റെ അക്കൗണ്ടും ചോര്‍ത്തി: സുക്കര്‍ബര്‍ഗ്

Posted on: April 13, 2018 6:25 am | Last updated: April 13, 2018 at 12:07 am

വാഷിംഗ്ടണ്‍: തന്റെ വ്യക്തിപരമായ അക്കൗണ്ട് പോലും കാംബ്രിഡ്ജ് അനലിറ്റിക്ക ദുരുപയോഗം ചെയ്തതായി ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താങ്കളുടെ വ്യക്തിപരമായ അക്കൗണ്ടും കാംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി ദുരുപയോഗം ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അഞ്ച് കോടി അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ എട്ട് കോടിയിലധികം എക്കൗണ്ടുകള്‍ ചോര്‍ത്തിയതായി പിന്നീട് സുക്കര്‍ബര്‍ഗ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഫേസ്ബുക്ക് കമ്പനി ഉദ്ദേശിക്കുന്ന രീതിയിലേക്ക് മാറ്റങ്ങള്‍ കൈവരിക്കാന്‍ കൂടുതല്‍ സമയം അനിവാര്യമാണെന്നും അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ അദ്ദേഹം പറഞ്ഞു.