ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം

Posted on: April 13, 2018 6:30 am | Last updated: April 13, 2018 at 11:15 am

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ഹജ്ജ് തീര്‍ഥാടനം നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സത്യവാങ്മൂലം. ഡല്‍ഹി ഹൈക്കോടതിയിലാണ് സത്യവാങ്മൂലം നല്‍കിയത്. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ലെന്ന് ഖുര്‍ആനിന്റെ നിര്‍ദേശമുണ്ടെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് വേണ്ടി മന്ത്രാലയത്തിന്റെ സെക്രട്ടറി രവിചന്ദ്ര സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ഹജ്ജ് നിര്‍വഹിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമല്ലെന്നും ഇശാറത്ത് (സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവന്‍) മാത്രം ഹജ്ജ് നിര്‍വഹിച്ചാല്‍ മതിയെന്നുമാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇരുപത് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത് അംഗപരിമിതരായ ആളുകള്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മുപ്പത് വര്‍ഷത്തിലധികമായി രോഗമുള്ളവരെയും പത്യേക തരം രോഗങ്ങളുള്ളവരെയും ഹൈക്കമ്മീഷന്‍ വഴി ഹജ്ജിന് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഹജ്ജ് നയത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കുന്നതിന് അവസരം നല്‍കുന്നില്ലെന്ന് കാണിച്ച് വിവിധ ഭിന്നേശേഷി സംഘടനകളാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.