Connect with us

Editorial

ഹാരിസണ്‍ കേസിലെ തിരിച്ചടി

Published

|

Last Updated

തലചായ്ക്കാനിടമില്ലാതെ സര്‍ക്കാറിന്റെ മിച്ചഭൂമി വിതരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന അനേകായിരം കുടുംബങ്ങളെ നിരാശപ്പെടുത്തുന്നതാണ് ഹാരിസണ്‍ ഭൂമി തര്‍ക്കം സംബന്ധിച്ച ഹൈക്കോടതി വിധി. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ളതും കമ്പനി വില്‍പ്പന നടത്തിയതുമായ ഭൂമി തിരിച്ചുപിടിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യം നല്‍കിയ ഉത്തരവുകള്‍ റദ്ദാക്കിയിരിക്കയാണ് കോടതി. അഞ്ച് ജില്ലകളിലായി പരന്നുകിടക്കുന്ന 38,000ത്തോളം ഏക്കര്‍ സ്ഥലമാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്നത്. ഭൂ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ ഭൂസംരക്ഷണ നിയമ പ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് അധികാരമില്ലെന്നും സിവില്‍ കോടതികളാണ് ഇക്കാര്യം തീര്‍പ്പാക്കേണ്ടതെന്നുമാണ് കോടതിയുടെ പക്ഷം. ഭൂസംരക്ഷണ നിയമ പ്രകാരം പുറമ്പോക്ക് ഭൂമി കൈയേറ്റത്തിനെതിരെ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് നടപടിയെടുക്കാമെങ്കിലും രജിസ്റ്റര്‍ ചെയ്ത ആധാരവും കരം അടച്ച രസീതുമുള്ളവരില്‍ നിന്ന് നിയമ നടപടിയിലൂടെയല്ലാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നും കോടതി പറയുന്നു. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് മുമ്പേ തന്നെ നികുതിയടച്ച് കൈവശം വെച്ചിരിക്കുന്ന ഭൂമി എങ്ങനെ പാട്ടഭൂമിയുടെ വ്യവസ്ഥയില്‍പ്പെടുത്തി ഏറ്റെടുക്കാനാകുമെന്ന വാദമാണ് ഹാരിസണ്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്.

അനധികൃതവും നിയമവിരുദ്ധവുമായാണ് ഹാരിസണ്‍ കമ്പനി ഭൂമി കൈയടക്കിവെച്ചിരിക്കുന്നതെന്ന് നിവേദിത പി ഹരന്‍, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മിറ്റി, ഡി സജിത്ത് ബാബു, വിജിലന്‍സ്, ഡോ എം ജി രാജമാണിക്യം തുടങ്ങിയ കമ്മീഷനുകളും ഏജന്‍സികളും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയതാണ്. ഹാരിസണിന്റെ ആധാരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്നും അത് തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന മുദ്രപ്പത്രങ്ങളല്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വിദേശത്ത് തയ്യാറാക്കിയ മുദ്രപത്രങ്ങള്‍ ഉപയോഗിച്ചാണ് കമ്പനി ആധാരങ്ങള്‍ ചമച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഭൂമി സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്നും ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാവുന്നതാണെന്നും 2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നിട്ടും എന്തേ ഇങ്ങനെ സംഭവിച്ചു? ചില ഉന്നതരുടെ ഇടപെടലുകളും റവന്യൂ വകുപ്പിന്് സംഭവിച്ച ഗുരുതരമായ വീഴ്ചകളുമാണ് സര്‍ക്കാര്‍ വാദം അംഗീകരിക്കപ്പെടാതിരിക്കാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹാരിസണ്‍ കേസ് സൂക്ഷ്മമായും കൃത്യമായും പഠിക്കുകയും കോടതിയില്‍ യഥാസമയം റിപ്പോര്‍ട്ടുകള്‍ നല്‍കി സര്‍ക്കാറിന് അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ അകാരണമായാണ് മാറ്റിയത്. രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന നിയമവകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥിന്റെ തിരുത്തല്‍ റിപ്പോര്‍ട്ട്, പ്രമീള ഭട്ടിന് പകരം യു ഡി എഫ് കാലത്ത് ഹാരിസണ്‍ കമ്പനിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുകയും കമ്പനിയുടെ കൈവശമുള്ളതെല്ലാം സ്വകാര്യ ഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത രജ്ഞിത്ത് തമ്പാനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച നടപടി, എം ജി രാജമാണിക്യം തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തലുകള്‍ ഹൈക്കോടതിയെ ധരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സംഭവിച്ച കുറ്റകരമായ വീഴ്ച തുടങ്ങി ഈ കേസുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ പല നടപടികളും സന്ദേഹങ്ങള്‍ക്കിടയാക്കുന്നതാണ്. ഭൂമാഫിയക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണത്തിന് ബലമേകുന്നതാണിതെല്ലാം. ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ കുത്തകകള്‍ കൈയടക്കി വെച്ച ഭൂമി സ്വാതന്ത്ര്യാനന്തരം സര്‍ക്കാറിന് നിയമപരമായി ഏറ്റെടുക്കാവുന്നതായിരുന്നു. അത്തരം നീക്കങ്ങളെ രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഒത്താശയോടെ വന്‍കിട തോട്ടമുടമകള്‍ തടയിടുകയായിരുന്നു. അധികാരത്തിന് പുറത്താകുമ്പോള്‍ ഭൂമികൈയേറ്റത്തിനെതിരെ ശക്തിയായി ശബ്ദിക്കുകയും അധികാരത്തിലേറിയാല്‍ കൈയേറ്റഭൂമി നിലനിര്‍ത്താന്‍ മുതലാളിമാര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നവരുമാണ് രാഷ്ട്രീയ നേതാക്കളെല്ലാം.

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് മൂന്നാറിലേതടക്കം വന്‍കിട ഭൂമി ഏറ്റെടുക്കല്‍ നടപടികളെ പ്രതിസന്ധിയിലാക്കിയേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷം ഏക്കറോളം ഭൂമിയാണ് വന്‍കിട കൈയേറ്റക്കാരുടെ കൈവശമുള്ളത്. റവന്യൂ ഭൂമിയുടെ 58 ശതമാനവും അനധികൃതമായി ചില കമ്പനികള്‍ കൈവശപ്പെടുത്തി കോടികളുടെ ആദായം കൊള്ളയടിക്കുന്നുവെന്നാണ് രാജമാണിക്യത്തിന്റെ കണ്ടെത്തല്‍. കോടതി ഉത്തരവിന്റെ മറവില്‍ കൈയേറ്റഭൂമി സ്വന്തമാക്കാന്‍ ഇവര്‍ ശ്രമിച്ചു കൂടായ്കയില്ല. കണ്ണന്‍ദേവന്‍ ഹില്‍ റിസംഷന്‍ ആക്ടിന്റെ മാതൃകയില്‍ നിയമനിര്‍മാണമാണ് വിവാദ ഭൂമി തിരിച്ചുപിടിക്കാന്‍ ഇനി സര്‍ക്കാറിന് മുന്നില്‍ അവശേഷിക്കുന്ന മാര്‍ഗമായി നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഭൂപരിഷ്‌കരണം പൊളിച്ചെഴുതണമെന്നും ശക്തമായ നിയമനിര്‍മാണം ആവശ്യമാണെന്നും രാജമാണിക്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതുമാണ്. ആ നിര്‍ദേശം യഥാസമയം നടപ്പാക്കിയിരുന്നെങ്കില്‍ സര്‍ക്കാറിന് ഇപ്പോഴത്തെ ദുര്‍ഗതി സംഭവിക്കില്ലായിരുന്നുവെന്ന് മാത്രമല്ല അതൊരു വിപ്ലവകരമായ ഭരണ നടപടിയായി രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇനിയെങ്കിലും അത്തരമൊരു നിയമ നിര്‍മാണത്തിന് സന്നദ്ധമായില്ലെങ്കില്‍ വന്‍കിട ഭൂമികൈയേറ്റങ്ങളിലടക്കം സര്‍ക്കാറിന് നിയമ നടപടികള്‍ കൂടുതല്‍ പ്രയാസകരമായിത്തീരും.

Latest