Connect with us

National

മോദിക്കെതിരെ പ്രതിഷേധം: കറുത്ത വസ്ത്രമണിഞ്ഞ് കരുണാനിധി; വീടിന് മുന്നില്‍ കരിങ്കൊടി നാട്ടി

Published

|

Last Updated

ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചെന്നൈയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ മോദിക്കെതിരെ ചെന്നൈ വിമാനത്താവളത്തിന് മുമ്പില്‍ കരിങ്കൊടികളുമായി പ്രവര്‍ത്തകര്‍ അണിനിരന്നു. പോലീസുകാരുടെ വിലക്കിനെ മറികടന്ന് അവര്‍ മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി.

മോദി പോകുന്ന വഴിയെല്ലാം കരിങ്കൊടി കാണിക്കാന്‍ അണികളോടെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ ആഹ്വാനം ചെയ്തിരുന്നു. അതേസമയം, ഡിഎംകെ നേതാവ് എം കരുണാനിധി കറുത്ത വസ്ത്രമണിഞ്ഞത് പ്രതിഷേധത്തിന് കരുത്ത് കൂട്ടിയിരിക്കുകയാണ്. ചെന്നൈയിലെ ഗോലാപപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് കരുണാനിധി. കറുത്ത വസ്ത്രമണിഞ്ഞ് വീല്‍ചെയറില്‍ ഇരിക്കുന്ന തന്റെ ഫോട്ടോ കരുണാനിധി ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീടിന് മുന്നിലും കരിങ്കൊടി നാട്ടിയിട്ടുണ്ട്.

മോദിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി ചെന്നൈയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലായിരത്തോളം പോലീസുകാരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

Latest