മകന് വെള്ളം പോലും കൊടുക്കാന്‍ എസ് ഐ അനുവദിച്ചില്ലെന്ന് ശ്രീജിത്തിന്റെ മാതാവ്

Posted on: April 12, 2018 6:26 am | Last updated: April 12, 2018 at 12:58 am

പറവൂര്‍: വെള്ളത്തിനായി കെഞ്ചിയ മകന് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ പോലും അനുവദിക്കാത്ത വരാപ്പുഴ എസ് ഐയെ ഒരു കാരണവശാലും വിടരുതെന്ന് പോലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിന്റെ മാതാവ് ശ്യാമള. വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുപോയപ്പോഴും പോലീസ് സ്റ്റേഷനില്‍ വെച്ചും ശ്രീജിത്ത് നിരപരാധിയാണെന്ന് പോലീസിനോട് ആണയിട്ട് പറഞ്ഞതാണെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശ്രീജിത്ത് അമ്പല പറമ്പില്‍ പോയി തിരിച്ചു വന്ന് രാത്രി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് ഭാര്യ അഖിലയും പോലീസുകാരെ അറിയിച്ചതാണ്. ഇതൊന്നും കേള്‍ക്കാന്‍ അവര്‍ സന്മനസ്സ് കാട്ടിയില്ലെന്ന് ശ്യാമളയും അഖിലയും പറഞ്ഞു. സ്റ്റേഷനില്‍ അഖിലയുടെ പിതാവിനോടൊപ്പമാണ് ശ്യാമള ശ്രീജിത്തിനെ കാണാന്‍ പോയത്. ശ്രീജിത്ത് പരവശനായി വെള്ളം ചോദിച്ചു. മൊന്തയില്‍ വെള്ളവുമായി ചെന്നപ്പോള്‍ എസ് ഐ ദീപക് കൊടുക്കാന്‍ സമ്മതിച്ചില്ലെന്ന് ശ്യാമള പറഞ്ഞു. യാതൊരു മനഃസാക്ഷിയുമില്ലാത്ത ക്രൂരനാണ് അയാള്‍. സ്റ്റേഷനില്‍ പ്രതികളുടെ മീശയും താടിച്ചും പിടിച്ച് പറിച്ച് അയാള്‍ പീഡിപ്പിക്കുന്നുണ്ടായിരുന്നു. തിരിച്ചു വരുമ്പോള്‍ സ്റ്റേഷന്‍ ഗേറ്റില്‍ വെച്ചും എസ് ഐയുടെ അട്ടഹാസം കേള്‍ക്കുന്നുണ്ടായിരുന്നതായി ശ്യാമള പറഞ്ഞു.

പോലീസ് രാത്രി വേഷം മാറിയെത്തി പിടിച്ചു കൊണ്ടുപോയതു മുതല്‍ ആശുപത്രിയില്‍ എത്തിച്ചതു വരെയുള്ള കാര്യങ്ങള്‍ ശ്യാമളയും അഖിലയും മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിയവെ ശ്രീജിത്ത് പോലീസിന്റെ മൃഗീയമായ മര്‍ദനമുറകളെക്കുറിച്ച് സഹോദരന്‍ രഞ്ജിത്തിനോട് പറഞ്ഞിരുന്നു. വയറില്‍ ചവിട്ടി പരിക്കേല്‍പ്പിച്ച കാര്യം ശ്രീജിത്ത് എടുത്തു പറഞ്ഞു. രഞ്ജിത്ത് ഈ വിവരങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് കൈമാറിയിട്ടുണ്ട്.

അതേസമയം, വരാപ്പുഴ എസ് ഐ ദീപക് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ദിവസവും അടുത്ത ദിവസവും അവധിയില്‍ ആയിരുന്നുവെന്ന് പറയുന്നു. എന്നാല്‍, എസ് ഐ സ്റ്റേഷനില്‍ തന്നെ ഉണ്ടായിരുന്നതായാണ് സൂചന. ഇതിനിടെ, ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോര്‍ജ് ചെറിയാന്‍, സി ഐ രാധാമണി എന്നിവര്‍ തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ രാവിലെ വരാപ്പുഴയില്‍ എത്തി.

ശ്രീജിത്തിന് വീട്ടില്‍ എത്തിയ ഇവര്‍ ശ്രീജിത്ത് ധരിച്ചിരുന്ന ജീന്‍സും ഷര്‍ട്ടും വാങ്ങി. അന്വേഷണ തലവന്‍ ഐ ജി ശ്രീജിത്ത് ഇന്ന് വരാപ്പുഴയില്‍ എത്തുമെന്നറിയുന്നു.