ചെന്നൈയില്‍ ഇനി കളിയില്ല

Posted on: April 12, 2018 6:22 am | Last updated: April 12, 2018 at 12:30 am

ചെന്നൈ: കാവേരി പ്രക്ഷോഭത്തിനിടെ ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍സാധിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയതായി ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. നേരത്തെ കേരളം വേദിയാകുമെന്ന അഭ്യൂഹമുണ്ടായിരുന്നു.

ചെപ്പോക്കിലെ ആവേശം, ചെരിപ്പേറ് !

ഐപിഎല്‍ സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ബാറ്റിംഗ് കൊണ്ട് വിസ്മയം തീര്‍ത്തപ്പോള്‍ ചെപ്പോക്ക് സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ ആവേശത്തിലാറാടി. ഇതിനിടെ, ഗാലറിയില്‍ നിന്ന് കളിക്കാര്‍ക്ക് നേരെ ചെരിപ്പേറ് വന്നത് കല്ലുകടിയായി.

മല്‍സരത്തില്‍ ഇരു ടീമും കൂടി ഇന്നലെ അടിച്ചുക്കൂട്ടിയത് 31 സിക്‌സറുകളായിരുന്നു. അതോടൊപ്പം ഒത്തുക്കളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തിയ മഹേന്ദ്രസിങ് ധോണിയുടെയും കൂട്ടരുടെയും ഹോംഗ്രൗണ്ടിലെ ആദ്യ മല്‍സരം കൂടിയായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരേയുള്ളത്. അത് കൊണ്ട് തന്നെ ചെന്നൈ മച്ചാന്‍മാര്‍ക്ക് വിസില്‍ വിളിക്കാനും ആവേശം പകരാനും ബഹിഷ്‌കര ഭീഷണികള്‍ വകവയ്ക്കാതെ ആരാധകര്‍ ചെപ്പോക്കിലേക്ക് ഒഴുകിയെത്തിയിരുന്നു.

മല്‍സരം കൈവിട്ട് പോയെങ്കിലും സിക്‌സറുകളില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്തയായിരുന്നു മുന്നില്‍. 17 സിക്‌സറുകളാണ് കൊല്‍ക്കത്തന്‍ താരങ്ങളള്‍ അടിച്ചുക്കൂട്ടിയത്. അതില്‍ 11 സിക്‌സറുകളും കരീബിയന്‍ താരം ആന്ദ്രെ റസ്സലിന്റെ വകയായിരുന്നു. പുറത്താവാതെ 36 പന്തില്‍ 88 റണ്‍സാണ് റസ്സല്‍ അടിച്ചുക്കൂട്ടിയത്. വിജയലക്ഷ്യം 203 ചെന്നൈ ആരാധകര്‍ക്ക് ചിലപ്പോള്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടാവാം.
പക്ഷേ, ചെന്നൈയുടെ ബാറ്റിങ് തുടങ്ങിയതോടെ ആശങ്കകള്‍ മാറി ആരാധകര്‍ ആവേശത്തിലേക്ക് ഒഴുകി. ടീമിലെ എല്ലാവരും ആഞ്ഞുപിടിച്ചപ്പോള്‍ കൊല്‍ക്കത്ത നല്‍കിയ വിജയലക്ഷ്യവും ചെന്നൈക്കൊപ്പം പോന്നു.

14 സിക്‌സറുകളാണ് ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ ഗാലറിയിലേക്ക് പറത്തിയത്. അഞ്ച് സിക്‌സറുകള്‍ നേടിയ സാം ബില്ലിങ്‌സായിരുന്നു മുന്നില്‍. 23 പന്തില്‍ 56 റണ്‍സ് നേടിയ ബില്ലിങ്‌സ് കളിയിലെ കേമന്‍ പട്ടം റസ്സലിലേക്ക് പോവുന്നത് തടഞ്ഞു. മല്‍സരത്തില്‍ നാല് ഓവര്‍ പൂര്‍ത്തിയാക്കിയതില്‍ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങിയത് കൊല്‍ക്കത്തന്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നായിരുന്നു.