മെഹദായി നദീജല തര്‍ക്കം: മോദിയുടെ മൗനം ബി ജെ പിക്ക് തിരിച്ചടിയാകും

അതിര്‍ത്തി ജില്ലകളില്‍ നദീജല തര്‍ക്കം പ്രചാരണായുധമാക്കി കോണ്‍ഗ്രസ്
Posted on: April 12, 2018 6:06 am | Last updated: April 12, 2018 at 12:04 am

ബെംഗളൂരു: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മെഹദായി നദീജല തര്‍ക്കം പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനം തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടിയായേക്കും. മഹാരാഷ്ട്രയോട് ചേര്‍ന്നുള്ള അതിര്‍ത്തി ജില്ലകളില്‍ നദീജല തര്‍ക്കം കോണ്‍ഗ്രസ് മുഖ്യ പ്രചാരണ ആയുധമാക്കുകയാണ്. മെഹദായി നദിയില്‍ നിന്ന് കര്‍ണാടകക്ക് വെള്ളം വിട്ടുതരില്ലെന്ന ഗോവ സര്‍ക്കാറിന്റെ നിലപാട് ഈ മേഖലയില്‍ ബി ജെ പിക്ക് കടുത്ത ക്ഷീണമുണ്ടാക്കും.

മെഹദായി തര്‍ക്കത്തില്‍ കര്‍ഷകര്‍ക്ക് ബി എസ് യെദ്യൂരപ്പ നല്‍കിയ വാഗ്ദാനം പാലിക്കാനും ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. മെഹദായി നദിയില്‍ നിന്ന് കുടിവെള്ള ആവശ്യത്തിന് വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു യെദ്യൂരപ്പ നല്‍കിയ വാഗ്ദാനം. ഇതുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി സംസ്ഥാന ബി ജെ പി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പാര്‍ട്ടി ഭരിക്കുന്ന ഗോവ വെള്ളം വിട്ടുനല്‍കിയില്ല. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന നദീജല പ്രശ്‌നത്തിന് ഇതുവരെയും ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തതില്‍ കര്‍ഷകര്‍ക്ക് അമര്‍ഷമുണ്ട്.

കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് ആക്ഷേപിച്ച ഗോവ ജലവിഭവ മന്ത്രി പാലിയങ്കറുടെ പ്രസ്താവനയിലും ജനങ്ങള്‍ രോഷാകുലരാണ്. ഗോവയിലേക്ക് ഒഴുകേണ്ട മെഹദായി നദിയിലെ വെള്ളം കര്‍ണാടകക്കാര്‍ വഴിതിരിച്ചു വിടുന്നുവെന്നാരോപിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപം. മെഹദായി വിഷയം ബി ജെ പിയെ അടിക്കാനുള്ള ആയുധമാക്കുന്നതോടൊപ്പം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയതും ചെറുകിട ജലസേചന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയതും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

ഈ മേഖലയല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ബെലഗാവിയില്‍ മാത്രമാണ്. എന്നാല്‍ മറ്റു അഞ്ച് ജില്ലകളിലും കോണ്‍ഗ്രസിനായിരുന്നു ആധിപത്യം. ഗദകിലെ നാല് സീറ്റിലും കോണ്‍ഗ്രസ് ജയിച്ചുകയറി. ഇതേ വിജയം നേടാന്‍ കഴിഞ്ഞാല്‍ വീണ്ടും അധികാരത്തിലേറാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വിജയപുര, ബാഗല്‍കോട്ട്, ഹവേരി, ഗദക്, ധാര്‍വാഡ്, ബെലഗാവി ജില്ലകളാണ് ഈ മേഖലയില്‍ ഉള്‍പ്പെടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവിടെ രണ്ട് തവണ കര്‍ഷക കൂട്ടായ്മ നടത്തിയിട്ടുണ്ട്.

ലിംഗായത്തിന് മതപദവി നല്‍കിയതും ഈ മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ അമ്പത് സീറ്റില്‍ 33 എണ്ണത്തിലും വിജയിച്ചത് കോണ്‍ഗ്രസാണ്. ബി ജെ പി 16 സീറ്റിലും ജനതാദള്‍- എസ് ഒരു സീറ്റിലും വിജയിച്ചു. യെദ്യൂരപ്പ കെ ജെ പി എന്ന പാര്‍ട്ടി രൂപവത്കരിച്ച് മത്സരത്തിനിറങ്ങിയതാണ് ബി ജെ പിക്ക് തിരിച്ചടിയായത്. ലിംഗായത്ത് വോട്ടുകള്‍ യെദ്യൂരപ്പയുടെ കെ ജെ പിയിലേക്ക് പോയത് കോണ്‍ഗ്രസിന് നേട്ടമായി. എന്നാല്‍, ഇത്തവണ യെദ്യൂരപ്പയാണ് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഇതുവഴി ബി ജെ പിക്ക് ഉണ്ടാക്കാവുന്ന നേട്ടത്തെ പ്രത്യേക മതപദവി അനുവദിച്ചതിലൂടെ ഇല്ലാതാക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. മെഹദായി നദീജലം കര്‍ഷകര്‍ക്ക് എത്തിക്കുന്നതിനായുള്ള കലസ- ബന്ദൂരി കനാല്‍ കടന്നുപോകുന്ന നാവല്‍ഗുഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍- എസാണ് വിജയിച്ചത്. കര്‍ഷകര്‍ക്കിടയില്‍ ബി ജെ പിയോടും കോണ്‍ഗ്രസിനോടുമുള്ള പ്രതിഷേധം നേട്ടമാക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ജെ ഡി എസ്.