അബ്ദുല്‍ ജബ്ബാര്‍ തങ്ങളുടെ ജനാസ ഖബറടക്കി

Posted on: April 12, 2018 6:08 am | Last updated: April 11, 2018 at 11:43 pm
പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങളുടെ ജനാസ നിസ്‌കാരത്തിനായി പട്ടര്‍കടവ് ജുമുഅ മസ്ജിദിലേക്ക് കൊണ്ടുപോകുന്നു

തിരൂരങ്ങാടി: ചൊവ്വാഴ്ച അന്തരിച്ച പ്രമുഖ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങളുടെ ജനാസ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. തലപ്പാറ വലിയപറമ്പ് ഖഹാരിയ്യ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന സംസ്‌കര ചടങ്ങില്‍ സാദാത്തുക്കളും പണ്ഡിതന്‍മാരും അദ്ദേഹത്തിന്റെ ശിഷ്യരുമടക്കം നൂറുകണക്കിന് പേര്‍ പങ്കാളികളായി. സ്വദേശമായ പട്ടര്‍കടവ് ജുമുഅ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷമാണ് ജനാസ ഖബറടക്കുന്നതിനായി തലപ്പാറ വലിയപമ്പ് ജുമുഅ മസ്ജിദിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്ദുല്‍ ഖഹാര്‍ തങ്ങളും അവരുടെ വിയോഗത്തിന് ശേഷം നീണ്ട 40 വര്‍ഷത്തോളമായി അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങളും ഈ മഹല്ലിന്റെ സാരഥ്യം വഹിച്ചിരുന്നു. വലിയപറമ്പ് ജുമുഅ മസ്ജിദില്‍ നാല് തവണയായിട്ടാണ് മയ്യിത്ത് നിസ്‌കാരം നടന്നത്. 12 മണിയോടെ മയ്യിത്ത് ഖബറടക്കി.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സെക്രട്ടറി പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് മുസ്‌ലിയാര്‍, എളങ്കൂര്‍ മുത്തുക്കോയ തങ്ങള്‍, പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, എ നജീബ് മൗലവി, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, യു അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി കെ അബ്ദുര്‍റഹ്മാന്‍, മുസ്തഫ കോഡൂര്‍ തുടങ്ങിയവര്‍ വീട്ടിലും ജനാസ നിസ്‌കാരത്തിലും പങ്കെടുത്തു.