കാരണം, ആര്‍ എസ് എസ് പ്രത്യയശാസ്ത്രം ദളിത്‌വിരുദ്ധമാണ്

പ്രതിപക്ഷ നേതാവ്
Posted on: April 12, 2018 6:00 am | Last updated: April 11, 2018 at 11:51 pm
SHARE

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ നിമിഷം മുതല്‍ ദളിത് വിഭാഗങ്ങളെ തങ്ങളുടെ വര്‍ഗ ശത്രുക്കളായി പ്രഖ്യാപിച്ചു രാജ്യത്താകമാനം നിരന്തരം അക്രമങ്ങളും ക്രൂരതകളും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സര്‍വകലാശാലകളും പൊതു ഇടങ്ങളും എന്നു വേണ്ട രാജ്യത്തിന്റെ മുക്കിലും മൂലയിലും ദളിതര്‍ വേട്ടയാടപ്പെടുകയാണ്. തങ്ങളുടെ ഹിന്ദുത്വ അജന്‍ഡയുടെ പരിപാലനത്തിനു ഏറ്റവും വലിയ പ്രതിബന്ധമായി സംഘ്പരിവാര്‍ കാണുന്നത് ഇന്ത്യയിലെ ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. അതുകൊണ്ട് തന്നെ അവര്‍ക്കെതിരെയുള്ള അക്രമങ്ങളും ക്രൂരതകളും തങ്ങളുടെ രാഷ്ട്രീയ അതിജീവനത്തിന്റെ ഭാഗം കൂടിയാണെന്ന് സംഘ്പരിവാര്‍ തിരിച്ചറിയുന്നു. ഏറ്റവുമൊടുവില്‍ പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയാന്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന നിയമത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള വിധി സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിന് ഓശാന പാടുന്ന നയം മോദി സര്‍ക്കാര്‍ സ്വീകരിച്ചു. വിഷയം സുപ്രിം കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ തന്നെ ഈ നിയമത്തില്‍ ഒരു ലഘൂകരണവും സമ്മതിക്കിെല്ലന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നെങ്കില്‍ ഈ നിയമം നിറം മങ്ങിപ്പോവുകയില്ലായിരുന്നു.

ദളിത് പീഡനങ്ങളില്‍ മനം മടുത്ത പട്ടിക വിഭാഗങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ചുട്ടമറുപടി നല്‍കുമെന്ന് ഭയന്ന ബി ജെ പിയും സംഘ്പരിവാറും ആക്രമങ്ങളിലൂടെ അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. സുപ്രിം കോടതി വിധിക്കെതിരെ ദളിത് സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടപ്പോള്‍ യു പിയിലെയും മധ്യപ്രദേശിലെയും ബി ജെ പി സര്‍ക്കാറുകള്‍ അതിക്രൂരമായാണ് അവരെ കൈകാര്യം ചെയ്തത്. പൊലീസ് വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ വെടിവെച്ചത് പോലീസല്ല മറിച്ച് ആയുധധാരികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകരായിരുന്നുവെന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഗത്യന്തരമില്ലാതെ, ദളിത് വിഭാഗത്തില്‍ പെട്ട അഞ്ച് ബി ജെ പി എം പിമാര്‍ മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി. നാല് വര്‍ഷത്തെ ബി ജെ പി ഭരണം ദളിത് വിഭാഗങ്ങള്‍ക്ക് എന്ത് നല്‍കിയെന്ന് മോദി തന്നെ പറയണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടത്.

ബി ജെ പി ഭരിക്കുന്ന മധ്യ പ്രദേശിലാണ് ദളിതര്‍ക്കെതിരായുള്ള അക്രമങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം 4922 ദളിത് പീഡനക്കേസുകളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജസ്ഥാനിലും ഏതാണ്ട് നാലായിരത്തിലധികം കേസുകള്‍ 2016-17 കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്താകമാനം നടക്കുന്ന ദളിത് പീഡനങ്ങളുടെ 12 ശതമാനവും രാജസ്ഥാനിലാണ്. ബി ജെ പി ഭരിക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളും ദളിത് വിഭാഗങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിലും ഉനയില്‍ ദളിത് യുവാക്കള്‍ ചാട്ടയടി ഏറ്റുവാങ്ങിയപ്പോഴും രാജ്യത്താകമാനം ഉണ്ടായ പ്രതിഷേധം ബി ജെ പി സംഘ്പരിവാര്‍ നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന് നമ്മള്‍ കരുതിയെങ്കിലും അതെല്ലാം വൃഥാവിലായെന്ന് മാത്രമല്ല കൂടുതല്‍ ശക്തിയോടെ അവര്‍ ദളിത്‌വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങള്‍ വെളിവാക്കുന്നു.

ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം അടി മുടി ദളിത് വിരുദ്ധമാണ്. ഹിന്ദുത്വരാഷ്ട്രീയത്തില്‍ ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പിന്നാമ്പുറത്ത് പോലും സ്ഥാനമില്ല. 1920കളില്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും സമുന്നത നേതാവായി മാറിയതോട് കൂടി കോണ്‍ഗ്രസിന്റെ നയങ്ങളിലും പരിപാടികളിലും സമൂല മാറ്റങ്ങള്‍ വന്നു. അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, ന്യുനപക്ഷങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരല്‍ ഇതെല്ലാം കോണ്‍ഗ്രസ് നയപരിപാടിയുടെ ഭാഗമായി മാറി. എന്നാല്‍, ദളിതരെയും ന്യൂനപക്ഷങ്ങളെയും ദേശീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്ന അന്നത്തെ വരേണ്യവിഭാഗമാണ് ഇന്ത്യയില്‍ സംഘ്പരിവാറിന്റെ ആശയങ്ങള്‍ക്ക് അടിത്തറയിട്ടത്. ആ ആശയധാരയില്‍ പ്രവര്‍ത്തിക്കുന്ന ബി ജെ പി അതുകൊണ്ട് തന്നെ അടിസ്ഥാനപരമായി തന്നെ ദളിത് വിരുദ്ധവുമാണ്.

ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിയ വമ്പന്‍ പരാജയം ബി ജെ പിയെ ഞെട്ടിച്ചിരിക്കുകയാണ്. പിന്നെ പിടിച്ച് നില്‍ക്കണമെങ്കില്‍ കൂട്ടക്കലാപങ്ങളല്ലാതെ വേറെ വഴിയില്ല. പ്രതിസന്ധിയിലാകുമ്പോള്‍, ജനങ്ങള്‍ തങ്ങള്‍ക്കെതിരാണ് എന്ന് മനസ്സിലാകുമ്പോള്‍ എന്നും ബി ജെ പി എടുക്കുന്ന തന്ത്രമാണ് കലാപങ്ങള്‍. അവര്‍ തന്നെ ശത്രുവിനെയും ഇരയെയും സൃഷ്ടിക്കും. ആദ്യം ന്യുനപക്ഷങ്ങളായിരുന്നു അവരുടെ ശത്രുക്കളും ഇരകളും. ഇപ്പോള്‍ അത് ദളിതരായി. ഇത് മാറിമാറി വരും. ഉത്തരേന്ത്യയിലാകെ നടക്കുന്ന ദളിത് വേട്ടകളും കലാപങ്ങളും ഈ കുടില തന്ത്രത്തിന്റെ ഉദാഹരണങ്ങളാണ്.

ദളിത് പീഡനങ്ങളില്‍ കേരളവും മുക്തമെല്ലന്നത് നമ്മളെ ആശങ്കപ്പെടുത്തുന്നുണ്ട്. പിണറായി സര്‍ക്കാര്‍ ദളിത് പീഡനം അവരുടെ മുഖമുദ്രയാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് മോദിയെയും യോഗിയെയും പിന്നിലാക്കുന്ന വിധമാണ്. സി പി എം പ്രവര്‍ത്തകരുടെ പീഡനത്തില്‍ ജീവിതം തന്നെ വഴിമുട്ടിയ കണ്ണൂരിലെ ചിത്ര ലേഖക്ക് യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ച് പിടിച്ചുകൊണ്ട് സി പി എമ്മിന്റെ ദളിത് വിരോധത്തിന് അടിവരയിട്ടത് കഴിഞ്ഞ ദിവസമാണ്. ബി ജെ പിക്കാണെങ്കില്‍ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ദളിതര്‍ വഴിമുടക്കികളാണ്. സി പി എമ്മിനാണെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുള്ള വെറും ഉപകരണങ്ങളായി ദളിതരെ കിട്ടണം. ഈ രണ്ട് നിലപാടുകളും ദളിത് വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഉത്തരേന്ത്യയിലും കേരളത്തിലുമടക്കം നടക്കുന്ന ദളിത് ആദിവാസി പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ ജനാധിപത്യ മതേതര ചേരിയുടെ ചെറുത്ത് നില്‍പ്പ് അനിവാര്യമായി വന്നിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here