Connect with us

Kerala

മലപ്പുറത്തെ ദേശീയപാതാ അലൈന്‍മെന്റ് പുനഃപരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം: ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി മലപ്പുറത്തെ ജനവാസ കേന്ദ്രങ്ങളെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വിവാദ അലൈന്‍മെന്റ് പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍. ജില്ലയിലെ എ ആര്‍ നഗര്‍ ഉള്‍പ്പെടെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കമുള്ള പ്രദേശങ്ങളില്‍ വീണ്ടും പരിശോധന നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാതാ അലൈന്‍മെന്റിനും സര്‍വേക്കുമെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

2013ലെയും 2017ലെയും അലൈന്‍മെന്റുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഏറ്റവും അനുയോജ്യമായത് നടപ്പാക്കാനാണ് സര്‍വകക്ഷി യോഗത്തില്‍ ധാരണയിലെത്തിയത്. വീടും പുരയിടവും സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന ഇരകള്‍ക്ക് ഇരട്ടി നഷ്ടപരിഹാരം നല്‍കാനും ധാരണയായി. തര്‍ക്കപ്രദേശങ്ങളിലെ അലൈന്‍മെന്റ് മാത്രമാണ് പ്രത്യേക കേസായി പരിഗണിച്ച് പുനഃപരിശോധിക്കുക. മറ്റു പ്രദേശങ്ങളില്‍ സര്‍വേ നടപടിക്രമങ്ങള്‍ തുടരും.

2013ല്‍ ദേശീയപാതാ അതോറിറ്റി അംഗീകരിച്ച അലൈന്‍മെന്റും ഇപ്പോഴത്തെ അലൈന്‍മെന്റും താരതമ്യം ചെയ്ത് അനുയോജ്യമായത് ഏതെന്ന് കണ്ടെത്താന്‍ ദേശീയപാതാ അതോറിറ്റിയോട് നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ വീടുകളും സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന വിധത്തിലാക്കും അലൈന്‍മെന്റ്. ഇതിനായി രണ്ട് ഭാഗങ്ങളിലും സര്‍വേ നടത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രശ്‌നം പരിഹരിക്കാതെ സര്‍വേ തുടരാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്.

Latest