കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ നദിയില്‍ വീണതാകാമെന്ന് പോലീസ്

Posted on: April 11, 2018 8:43 pm | Last updated: April 12, 2018 at 10:04 am

കാലിഫോര്‍ണിയ: വിനോദയാത്രയ്ക്കിടെ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ വീണതാകാമെന്ന് അധികൃതര്‍. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവര്‍ സഞ്ചരിച്ച വാഹനം നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായതാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ തോട്ടപ്പള്ളി കുടുംബാഗങ്ങളാണ് ഇവര്‍. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഏപ്രില്‍ അഞ്ച് മുതല്‍ കാണാതായ ഇവരെക്കുറിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ ഇവരെ കണ്ടെത്താനായി ശ്രമം നടത്തിയെങ്കിലും ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ കിട്ടിയില്ല.
ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം നദിയില്‍ ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതരുടെ നിഗമനം. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് സാന്‍ജോസ് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

സന്ദീപും കുടുംബവും സഞ്ചരിച്ചിരുന്ന ഹോണ്ട പൈലറ്റ് കാറിന് സമാനമായ വാഹനം ഡോറ ക്രീക്കിന് സമീപത്ത് വച്ച് നദിയില്‍ വീണതായി പോലീസിന് വിവരം ലഭിച്ചിരുന്നു. നദിയില്‍ വീണ വാഹനത്തില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവരുടെ വാഹനം ശക്തമായ ഒഴുക്കില്‍പ്പെട്ട് നദിയിലൂടെ ഒഴുകിപോയെന്നും പിന്നീട് വാഹനം കാണാനിയില്ലെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.