ശ്രീജിത്തിന്റെ കസ്റ്റഡിമരണം: ആളുമാറിയോ എന്ന് അന്വേഷിക്കുമെന്ന് ഡിജിപി

Posted on: April 11, 2018 12:17 pm | Last updated: April 11, 2018 at 3:43 pm

തിരുവനന്തപുരം: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണോ പോലീസ് പിടികൂടിയതെന്ന് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. പ്രാഥമിക അന്വേഷണ വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഡിജിപി പറഞ്ഞു.

ശ്രീജിത്തിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി ജി പി ഇന്നലെ വ്യക്തമാക്കിയിരുന്നു. ദക്ഷിണ മേഖലാ എ ഡി ജി പി അനില്‍കാന്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് ഐ ജി. എസ് ശ്രീജിത്ത് തലവനായുള്ള അന്വേഷണ സംഘത്തില്‍ കോസ്റ്റല്‍ സെക്യൂരിറ്റി ഡി ഐ ജി. കെ പി ഫിലിപ്പ്, ക്രൈം ബ്രാഞ്ച് അനാലിസിസ് വിഭാഗം എസ് പി. കെ എസ് സുദര്‍ശന്‍, ക്രൈം ബ്രാഞ്ച് എച്ച് എച്ച് ഡബ്ല്യു വിഭാഗം ഡി വൈ എസ് പി ജോര്‍ജ് ചെറിയാന്‍ (അന്വേഷണ ഉദ്യോഗസ്ഥന്‍) എന്നിവര്‍ അംഗങ്ങളാണ്.