ബി ജെ പിയുമായി ഇടഞ്ഞു; എസ് എം കൃഷ്ണ തിരിച്ച് കോണ്‍ഗ്രസിലേക്ക്

Posted on: April 11, 2018 9:25 am | Last updated: April 11, 2018 at 9:25 am

ബെംഗളൂരു: കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ മുന്‍ കേന്ദ്ര മന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ ബി ജെ പിയുമായി അകലുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന പ്രചാരണം ശക്തമായതോടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് നേതാക്കളും രംഗത്തെത്തി. ബി ജെ പി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ഥി ലിസ്റ്റില്‍ കൃഷ്ണയുടെ മകള്‍ ശാംഭവി കൃഷ്ണക്ക് ഇടം ലഭിച്ചിരുന്നില്ല.

ബി ജെ പിയുമായി അസ്വാരസ്യത്തിലാകാനുള്ള പ്രധാന കാരണം ഇതാണ്. അടുത്ത പട്ടികയിലും ശാംഭവിക്ക് ഇടം ലഭിക്കുന്നില്ലെങ്കില്‍ ശാംഭവി കൃഷ്ണയെ രാജരാജേശ്വരി നഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന് മുന്നോടിയായാണ് എസ് എം കൃഷ്ണയെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.
കെ പി സി സി അധ്യക്ഷന്‍ ജി പരമേശ്വരയും മന്ത്രി ഡി കെ ശിവകുമാറുമാണ് കൃഷ്ണയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം കോണ്‍ഗ്രസ് വിട്ട എസ് എം കൃഷ്ണ രണ്ട് മാസം കഴിഞ്ഞതിന് ശേഷമാണ് ന്യൂഡല്‍ഹിയില്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ ബി ജെ പിയില്‍ അംഗത്വമെടുത്തത്. എന്നാല്‍, ബി ജെ പിയില്‍ പദവിയൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ പരിപാടികളില്‍ നിന്ന് തഴയപ്പെടുകയുമുണ്ടായി. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയാണ് കൃഷ്ണ 2017ല്‍ കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. ബി ജെ പിയില്‍ ചേര്‍ന്നിരുന്നെങ്കിലും ചുരുക്കം പാര്‍ട്ടി പരിപാടികളില്‍ മാത്രമെ അദ്ദേഹം പങ്കെടുത്തിരുന്നുള്ളൂ.
കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ബി ജെ പി നേതൃത്വം കൃഷ്ണയെ പങ്കെടുപ്പിച്ചിരുന്നില്ല. ഒഴിവ് വരുന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൃഷ്ണയെ പരിഗണിക്കുമെന്ന് ബി ജെ പി തുടക്കത്തില്‍ വാക്ക് കൊടുത്തിരുന്നുവെങ്കിലും അതുമുണ്ടായില്ല.

ബി ജെ പിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിലേക്കുള്ള കൃഷ്ണയുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നത്. 50 വര്‍ഷത്തോളം നീണ്ട കോണ്‍ഗ്രസ് ബാന്ധവം വലിച്ചെറിഞ്ഞാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദേശീയ രാഷ്ട്രീയത്തെ അമ്പരപ്പിച്ച് കൃഷ്ണ ബി ജെ പിയിലേക്ക് ചേക്കേറിയത്. കൃഷ്ണയുമായി അന്ന് കോണ്‍ഗ്രസ് നേതൃത്വം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അതിനിടെ, കൃഷ്ണയെ ജനതാദള്‍- എസിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയിട്ടുണ്ട്.