Connect with us

Kerala

ശ്രീജിത്തിന് മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മുറിവുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം

Published

|

Last Updated

കൊച്ചി: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് മര്‍ദനേമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതായും മുറിവുകള്‍ക്ക് രണ്ട്് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോലീസ് സര്‍ജന്‍ ഡോ. സക്കറിയയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് ക്രൂരമര്‍ദനമേറ്റിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ചികിത്സാ രേഖയും. ചെറുകടലില്‍ നീളത്തില്‍ മുറിവുണ്ടെന്നും ശ്രീജിത്തിന് അടിവയറ്റില്‍ കടുത്ത ആഘാതമേറ്റെന്നും ഇതാണ് ആരോഗ്യ നില വഷളാക്കിയതെന്നും ചികിത്സാ രേഖയില്‍ പറഞ്ഞിരുന്നു.

വരാപ്പുഴ ദേവസ്വം പാടം സേനായ് പറമ്പ് വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത് (26) ഇന്നലെ വൈകുന്നേരം ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വരാപ്പുഴയില്‍ വീട് കയറി ആക്രമണത്തില്‍ ദേവസ്വം പാടം കുളമ്പ് കണ്ടം വീട്ടില്‍ വാസുദേവന്‍ മനംനൊന്ത് തൂങ്ങി മരിച്ച കേസില്‍ പ്രതിചേര്‍ത്ത് ശ്രീജിത്തിനെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് മര്‍ദനത്തില്‍ അവശനായ ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ചികിത്സ നല്‍കാനോ പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. പോലീസ് മര്‍ദനത്തില്‍ വയറ്റിലെ കുടല്‍ പോലും പൊട്ടിയ നിലയിലായിരുന്നു ശ്രീജിത്ത്. മര്‍ദനത്തോടൊപ്പം വയറ്റില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചതായി ശ്രീജിത്ത് ആശുപത്രിയില്‍ വെച്ച് പറഞ്ഞതായി സഹോദരന്‍ രഞ്ജിത്ത് വെളിപ്പെടുത്തി.