കുടുംബത്തിലെ നാല് പേരുടെ മരണം: നെടുവീപ്പോടെ അഴിഞ്ഞിലം ഗ്രാമം

Posted on: April 10, 2018 6:21 am | Last updated: April 10, 2018 at 12:00 am

ഫറോക്ക്: ഇന്നലെ രാവിലെയോടെ കാതില്‍ മുഴങ്ങിയ നാല് പേരുടെ മരണവാര്‍ത്ത ശരിയാവരുതേ എന്നായിരുന്നു അഴിഞ്ഞിലത്തുകാരുടെ പ്രാര്‍ഥന. മരണവാര്‍ത്ത അഴിഞ്ഞിലത്തുകാര്‍ക്ക് ആദ്യം ഉള്‍ക്കൊള്ളാനായില്ല. കുടുംബത്തിലെ നാല് പേരുടെ മരണവാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഒരു ഗ്രാമം മുഴുവന്‍ നെടുവീര്‍പ്പോടെയാണ് ശ്രവിച്ചതും നെഞ്ചേറ്റിയതും. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ബന്ധുവും അയല്‍വാസിയുമായ കെ പി അഹ്മദിനാണ് തമിഴ്‌നാട്ടിലെ തേനി പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇവരുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച് ഫോണ്‍ വന്നത്. ദുരന്തം ഒരുപോലെ ബന്ധുക്കളേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.

യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അബ്ദുര്‍റഷീദും ഭാര്യ യും മക്കളുമടങ്ങുന്ന കുടുംബം അവധി ആഘോഷിക്കാന്‍ കൊടൈക്കനാലില്‍ എത്തിയപ്പോള്‍ അതൊരു ദുരന്തമാകുമെന്ന് ഓര്‍ത്തിരുന്നില്ല. തങ്ങളുടെ അയല്‍പക്കത്തെ പുതിയ താമസക്കാരായ റഷീദും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും പ്രിയപ്പെട്ടവരായിരുന്നു.

ഇന്നലെ രാവിലെയോടെ തമിഴ്‌നാട് തേനിയിലുണ്ടായ വാഹനാപകടത്തിലാണ് ഫാറൂഖ് കോളജ് അഴിഞ്ഞിലം സ്വദേശികളായ ഒരു കുടുംബത്തിലെ ദമ്പതികളും മക്കളും ഉള്‍പ്പെടുന്ന നാല് പേര്‍ മരിച്ചത്. വാഴയൂര്‍ പഞ്ചായത്ത് കടവ് റിസോര്‍ട്ടിന് സമീപത്തെ കളത്തില്‍ തൊടി പരേതനായ കുഞ്ഞഹമ്മദിനെ മകന്‍ അബ്ദുര്‍റഷീദ് (40), ഭാര്യ റസീന(32), മകള്‍ ലാമിയ തസ്‌നി(14), മകന്‍ ബാസില്‍ റഷീദ് (12) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മറ്റൊരു മകന്‍ ഫായിസ് റഷീദ്(12) അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തേനിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.