നടുക്കം മാറാതെ പുറ്റിങ്ങല്‍

വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം  
Posted on: April 10, 2018 6:23 am | Last updated: April 9, 2018 at 11:55 pm
വെടിക്കെട്ട് ദുരന്തത്തില്‍ തകര്‍ന്ന കെട്ടിടം (ഫയല്‍ ചിത്രം)

കൊല്ലം: രാജ്യത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. പരവൂര്‍ പുറ്റിങ്ങള്‍ ദേവീക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരക്കമ്പത്തിനിടെ 2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.30നായിരുന്നു അപകടം. ദുരന്തത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു. 728 പേര്‍ക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ പലരും ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ദുരന്തം നടന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഉത്സവരാവില്‍ അപ്രതീക്ഷിതമായയെത്തിയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് പുറ്റിങ്ങല്‍ ഇനിയും മുക്തമായിട്ടില്ല.

രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് ദുരന്തത്തിന് കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നെങ്കിലും ആചാര പ്രകാരമുള്ളതാണെന്ന് വ്യക്തമാക്കി ക്ഷേത്ര ഭാരവാഹികള്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. സംഭവം നടന്ന സമയം പുലര്‍ച്ചെയായതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലായി. ഇത് അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചു.

സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റര്‍ അകലെ വരെ ഉണ്ടായി. അമ്പല സമീപമുള്ള ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമീപത്തുള്ള നൂറിലേറെ വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തിനും അഗ്നിനാളത്തിനുമൊപ്പം കോണ്‍ക്രീറ്റ് പാളികള്‍ ആള്‍ക്കൂട്ടത്തിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാവാത്തവിധം വികൃതമായിരുന്നു. കോണ്‍ക്രീറ്റ് ബീമുകളും പില്ലറുകളും ജനക്കൂട്ടത്തിലേക്ക് വന്നു പതിച്ചു പലരുടെയും ശരീരത്തില്‍ തുളച്ചുകയറി. കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് പാളികള്‍ അര കിലോമീറ്ററോളം അകലെവരെ തെറിച്ചുവീണു. വലിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വെടിക്കെട്ട് കാണാന്‍ നിലയുറപ്പിച്ചവര്‍ പോലും സ്ഫോടനശക്തിയില്‍ തെറിച്ച് നിലത്തുവീണു. അപ്രതീക്ഷിത ദുരന്തത്തില്‍ പകച്ചുനിന്നവര്‍ക്ക് ആശ്വാസമായി നാട് ഒന്നാകെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രതിഷേധം ശക്തമായതോടെ വെടിക്കെട്ടിന് അനുമതിയില്ലാതെ പരസ്യമായി നോട്ടീസടിച്ച് വെടിക്കെട്ട് നടത്തിയതിന് രണ്ട് കരാറുകാര്‍ക്കെതിരെയും ക്ഷേത്ര കമ്മിറ്റിക്കെതിരെയും മനഃപൂര്‍വമല്ലാത്ത നരഹത്യക്കും എക്സ്‌പ്ലോസീവ് ആക്ട് പ്രകാരവും കേസെടുത്തു. ഏഴ് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്.

ദുരന്തവുമായി ബന്ധപ്പെട്ട് പരവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന് റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായരെ നിയമിച്ചെങ്കിലും ഓഫീസ് സൗകര്യം നല്‍കാതിരുന്നതിനാലും ജീവനക്കാരെ നിയമിക്കാതിരുന്നതിനാലും ആറ് മാസം കഴിഞ്ഞ് രാജിവെച്ചു. പകരം നിയോഗിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങി.

ഇതിനിടെ, അന്വേഷണം സി ബി ഐക്ക് വിടണമെന്ന് ഏപ്രില്‍ 12ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ നിലവില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തന്നെ തുടര്‍ന്നാല്‍ മതിയെന്ന് ഹൈക്കോടതിയില്‍ ഏപ്രില്‍ 14ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി.

അപകടത്തിന് ശേഷം ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായതും വിവാദമായിരുന്നു. താന്‍ അനുമതി നിഷേധിച്ചിട്ടും പോലീസ് മൗനാനുവാദം നല്‍കിയതാണ് ദുരന്തത്തിനിടയാക്കിയതെന്നായിരുന്നു അന്നത്തെ കലക്ടര്‍ എ ഷൈനാമോളുടെ വാദം. ക്ഷേത്രത്തില്‍ നിയമവിരുദ്ധമായാണ് വെടിക്കെട്ട് നടക്കാന്‍ പോകുന്നതെന്ന അറിവുണ്ടായിട്ടും സ്ഥലം സി ഐ അത് മേലധികാരികളില്‍ നിന്ന് മറച്ചുവെച്ചെന്നും വെടിക്കെട്ട് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ജില്ലാ പോലീസ് കമ്മീഷണര്‍ അവഗണിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.

എന്നാല്‍ ദുരന്തത്തില്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി. ജി ശ്രീധരന്‍, എ ഡി ജി പി അനന്തകൃഷ്ണന് അന്വേഷണറിപ്പോര്‍ട്ട് കൈമാറിയത്. നേരത്തെ പോലീസിന് വീഴ്ചപറ്റിയെന്ന് വ്യക്തമാക്കിയ അതേ സംഘമാണ് മറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്തവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണിപ്പോഴുള്ളത്. അതേസമയം, അപകടത്തെ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക പൂര്‍ണമായി വിതരണം ചെയ്യാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്.