Connect with us

Kerala

കണിയൊരുക്കാന്‍ പാല്‍ വെള്ളരി; ശാസ്ത്രജ്ഞര്‍ക്കും വിസ്മയമായി വിവേകാനന്ദന്റെ കൃഷി

Published

|

Last Updated

വിവേകാനന്ദന്റെ പാടത്ത് വിളഞ്ഞ പാല്‍ വെള്ളരി

തൃശൂര്‍: അഞ്ച് വര്‍ഷം മുമ്പ് പൊന്‍ വെള്ളരി കൃഷിയിലൂടെ ശ്രദ്ധേയനായ തൃശൂരിലെ കേച്ചേരി ഇയ്യാല്‍ കുന്നത്ത് വിവേകാനന്ദന്‍ ഈ വര്‍ഷത്തെ വിഷുവിനൊരുക്കുന്നത് പാല്‍ വെള്ളരിയുടെ കണി. 25 വര്‍ഷത്തിലേറെയായി വെള്ളരി കൃഷി ചെയ്യുന്ന വിവേകാനന്ദന്റെ കൃഷിയിടം കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്ക് പോലും വിസ്മയം പകരുന്നതാണ്.

നെല്‍കൃഷി കഴിഞ്ഞ പാടത്ത് വെള്ളരി വര്‍ഗ വിളകള്‍ കൃഷി ചെയ്യുന്നതാണ് വിവേകാനന്ദന്റെ രീതി. മത്തനും കുമ്പളവും ചുരക്കയും പൊട്ടു വെള്ളരിയും തണ്ണി മത്തനുമൊക്കെ വിവേകാനന്ദന്റെ കൃഷിയിടത്തിലുണ്ട്, ഇവിടുത്തെ നെല്‍കൃഷിക്കുമുണ്ട് പ്രത്യേകത. പ്രധാനമായും ചെമ്മന്തിട്ട അമ്പലത്തിലെ ഇല്ലം നിറക്കുള്ളതാണ് വിവേകാനന്ദന്റെ പാടത്തെ വിളവുകള്‍.

സ്വര്‍ണ വര്‍ണമാര്‍ന്ന ഉരുണ്ട ഫലങ്ങളായിരുന്നു മുമ്പ് വിവേകാനന്ദന്റെ കൃഷി വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണമായത്. അന്ന് കൃഷിയിടം സന്ദര്‍ശിച്ച കാര്‍ഷിക സര്‍വകലാശാലാ ശാസ്ത്രജ്ഞര്‍ ഇതിന്റെ പ്രത്യേകതകള്‍ പഠന വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ നീണ്ടതും വെള്ള നിറമുള്ളതുമായ കായ്കളാണ് വിവേകാനന്ദന്റെ പാടത്ത് വിളയുന്നത്. നിറത്തിന്റെ അടിസ്ഥാനത്തില്‍ വിവേകാനന്ദന്‍ തന്നെയാണ് പാല്‍ വെള്ളരിയെന്ന പേര് നല്‍കിയത്.

തന്റെ പാടത്ത് വിളവെടുക്കുന്ന കായകളില്‍ നിന്നുള്ള വിത്തു തന്നെയാണ് താന്‍ വീണ്ടും വീണ്ടും കൃഷിയിറക്കാനുപയോഗിക്കുന്നതെന്ന് വിവേകാനന്ദന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ ഓരോ വര്‍ഷവും ഒരേ പാടത്തുനിന്ന് ഒരേ രീതിയില്‍ ലഭിക്കുന്ന വിത്തുകള്‍ എങ്ങനെയാണ് വ്യത്യസ്ത കായകള്‍ നല്‍കുന്നതെന്ന് വിവേകാനന്ദനും അറിയില്ല. പാടത്ത് അമിതമായ രാസപ്രയോഗങ്ങള്‍ നടത്തുന്നില്ലെന്ന കാര്യം മാത്രം അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

പാടത്തെ വെള്ളരി കൃഷിക്കുള്ള പ്രത്യേകതകള്‍ മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളരി വര്‍ഗ വിളകള്‍ കൂട്ടായി കൃഷി ചെയ്തതിലൂടെ യാദൃച്ഛികമായുണ്ടായ പരാഗണത്തിന്റെ അനന്തര ഫലമാണ് വെള്ളരികളുടെ ആകൃതിയിലും നിറത്തിലും വന്ന മാറ്റങ്ങള്‍ എന്നാണ് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇതേ കുറിച്ച് പഠനങ്ങളും വിശകലനങ്ങളും തുടര്‍ന്നും നടത്തിവരികയാണവര്‍.

കേച്ചേരിക്കടുത്ത ചെമ്മന്തിട്ട അമ്പലത്തിന്റെ പിന്നിലായാണ് വിവേകാനന്ദന്റെ വിഷുക്കണിപ്പാടം. പിതാവില്‍ നിന്ന് കൃഷിപ്പണി ഏറ്റെടുത്ത വിവേകാനന്ദന് തുണയായി ഭാര്യയും മക്കളും രംഗത്തുണ്ട്. ഗള്‍ഫിലും അദ്ദേഹത്തിന്റെ വെള്ളരിക്ക് പ്രിയമേറെയാണെങ്കിലും കയറ്റുമതിയുടെ കാര്യങ്ങള്‍ കൃത്യമായി അറിയാത്തതിനാല്‍ നന്നായി മുതലെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

എല്ലാ വിഷുവിനും തൃശൂരിലും സമീപ ജില്ലകളിലും വിവേകാനന്ദന്റെ വെള്ളരിക്ക് ആവശ്യക്കാരേറെയാണ്. വെള്ളരി കിട്ടണമെങ്കില്‍ മുന്‍കൂട്ടി പറയണമെന്നു മാത്രം.