Connect with us

National

യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ബലാത്സംഗം ചെയ്ത ബി ജെ പി. എം എല്‍ എക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. അമ്പതുകാരനെ എം എല്‍ എയും കൂട്ടാളികളും കഴിഞ്ഞയാഴ്ച ക്രൂരമായി മര്‍ദിച്ചിരുന്നു. നിരവധി മുറിവുകളേറ്റ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയുമായിരുന്നു. മകളെ ബലാത്സംഗം ചെയ്‌തെന്ന് ആരോപണമുയര്‍ന്നവരുടെ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

വയോധികന്റെ മരണത്തെ തുടര്‍ന്ന് ആറ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ മര്‍ദിച്ച മറ്റ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കസ്റ്റഡിയിലിരിക്കെയാണ് മരണമെന്നതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് ഡി ഐ ജി പ്രവീണ്‍ കുമാര്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വെറുതെ വിടില്ലെന്നും സര്‍ക്കാര്‍ ദാക്ഷിണ്യം കാണിക്കില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഉന്നാവോയില്‍ നിന്നുള്ള നിയമസഭാംഗം കുല്‍ദീപ് സിംഗ് സെനാഗറാണ് ആരോപണവിധേയന്‍. അതേസമയം തനിക്കെതിരെ കുറ്റങ്ങളില്ലെന്നും താഴ്ന്ന നിലയിലുള്ളവര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സെനാഗര്‍ പറഞ്ഞു. ഒരു വര്‍ഷമായി യുവതിയും കുടുംബവും സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. തന്നെ അപമാനിക്കാനാണ് ശ്രമമെന്നും സെനാഗര്‍ പറഞ്ഞു.

എം എല്‍ എയുടെ സഹോദരനും സുഹൃത്തുക്കളും കഴിഞ്ഞ വര്‍ഷം തന്നെ ബലാത്സംഗം ചെയ്‌തെന്നും പോലീസില്‍ പരാതിപ്പെട്ടതിന് കുടുംബം ആക്രമിക്കപ്പെട്ടെന്നും യുവതി പറയുന്നു. യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ യുവതി സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് ഗൗതം പോലീസ് സ്‌റ്റേഷനിലെത്തിച്ചെങ്കിലും സ്‌റ്റേഷനില്‍ വെച്ച് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Latest