ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം

Posted on: April 10, 2018 6:01 am | Last updated: April 9, 2018 at 10:51 pm

തിരുവനന്തപുരം: പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കാന്‍ പാര്‍ലിമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ സംസ്ഥാനത്ത്് പൂര്‍ണം. പോലീസ് സുരക്ഷയുണ്ടായെങ്കിലും പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പോലീസ് സുരക്ഷയുണ്ടെന്ന് കരുതി നിരത്തിലിറങ്ങിയ കെ എസ് ആര്‍ ടി സി ബസുകള്‍ പലതും പകുതി വഴിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

ഹര്‍ത്താല്‍ ബാധിക്കില്ലെന്ന് കരുതി വീട്ടില്‍ നിന്നിറങ്ങിയവരെ ഹര്‍ത്താലനുകൂലികള്‍ രാവിലെ മുതല്‍ വഴിയില്‍ തടഞ്ഞു. പലയിടത്തും കെ എസ് ആര്‍ ടി സി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. തൃശൂര്‍ വലപ്പാടും എറണാകുളത്തും കെ എസ് ആര്‍ ടി സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റു. കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസിനടിയില്‍ കിടന്ന് സമരക്കാര്‍ പ്രതിഷേധിച്ചു. ശാസ്താംകോട്ടയില്‍ കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് തകര്‍ത്തു. തിരുവനന്തപുരം മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ആറ്റിങ്ങലിലും കെ എസ് ആര്‍ ടി സി ബസുകള്‍ തടഞ്ഞു. കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തിയത് തമ്പാനൂരില്‍ പ്രതിഷേധത്തിനിടയാക്കി.

പാറശ്ശാലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു. ചാലയില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചത് വ്യാപാരികളും സമരക്കാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു.