മൊബൈല്‍ ഉപയോഗിച്ച് ഡ്രൈവിംഗ്; പിടിയിലായത് 12,257 പേര്‍

  • പ്രതിദിനം പിടിയിലാകുന്നവര്‍ 136
  • 800 ദിര്‍ഹം, നാല് ബ്ലാക്ക് പോയിന്റ് ശിക്ഷ
Posted on: April 9, 2018 10:09 pm | Last updated: April 9, 2018 at 10:09 pm

ദുബൈ: നടപ്പ് വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തിനിടയില്‍ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 12,257 പേര്‍ക്ക് പിഴ നല്‍കിയതായി അധികൃതര്‍.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചു 24 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 16,090 പേര്‍ക്കാണ് പിഴ ചുമത്തിയത്. പ്രതിദിനം 136 പേര്‍ക്കാണ് മൊബൈല്‍ ഉപയോഗം നിമിത്തം പിഴ വീഴുന്നത്. 800 ദിര്‍ഹമും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നത് മാരകമായ അപകടങ്ങളിലേക്ക് വഴിയൊരുക്കും. ഗുരുതര കുറ്റകൃത്യമായിട്ടാണ് ഇത്തരം ലംഘനങ്ങള്‍ കാണുന്നതെന്ന് ദുബൈ പോലീസ് ട്രാഫിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു. ജനുവരി മാസത്തില്‍ മാത്രം 4,380 കൃത്യ വിലോപങ്ങളാണ് കണ്ടെത്തിയത്. ഫെബ്രുവരിയില്‍ 3,582 ഉം മാര്‍ച്ചില്‍ 4,295 ഉം പിഴ ഈടാക്കിയെന്നും അധികൃതര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ റോഡില്‍ അശ്രദ്ധാലുക്കളാകുന്നു. സുരക്ഷിതമായ ഡ്രൈവിങ്ങിന് ഇത്തരം അശ്രദ്ധ ഭംഗം വരുത്തുന്നതോടെ മറ്റുള്ളവരുടെ ജീവന് ഭീഷണി ഉണ്ടാകും വിധത്തിലും വാഹനങ്ങളുടെ ഇടയില്‍ പാലിക്കേണ്ട മതിയായ അകലം ഇല്ലാതെ വരുമ്പോളും അപകടങ്ങള്‍ സംഭവിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപൃതരാകുക, തിരക്കുള്ള റോഡുകളില്‍ മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ അയക്കുക തുടങ്ങിയവയും ഗുരുതരമായ നിയമ ലംഘനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്രദ്ധമായി വാഹനം ഓടിക്കുന്നത് നിമിത്തം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ദാരുണമായ അപകടങ്ങള്‍ക്ക് വഴിയൊരുക്കാം.

വാഹനമോടിക്കുന്നവരുടെ ജീവന് പുറമെ മറ്റുള്ള റോഡ് ഉപയോക്താക്കളുടെയും ജീവന് ഇത് ഭീഷണിയാകും. ഗതാഗത നിയമങ്ങള്‍ കര്‍ശനമായും പാലിക്കണം. റോഡില്‍ നിന്ന് ശ്രദ്ധ തിരിയുന്ന ഒരു പ്രവര്‍ത്തനവും വാഹനമോടിക്കുന്നവരില്‍ നിന്ന് ഉണ്ടാവരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.