ഉന്നതര്‍ക്കെതിരെയുള്ള അഴിമതി കേസ്: സഊദി അന്വേഷണം ആരംഭിച്ചു

ഭീകരതയുമായോ അഴിമതിയുമായോ ബന്ധമുള്ള ഏത് കേസാണെങ്കിലും കോടതി നടപടികള്‍ക്ക് വഴങ്ങേണ്ടിവരുമെന്ന്
Posted on: April 9, 2018 6:25 am | Last updated: April 8, 2018 at 11:47 pm

റിയാദ്: അഴിമതി കേസില്‍ തടവില്‍ കഴിയുന്ന സഊദിയിലെ പ്രമുഖരെ കുറിച്ച് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു. ഭീകരതയുമായോ അഴിമതിയുമായോ ബന്ധമുള്ള ഏത് കേസാണെങ്കിലും കോടതി നടപടികള്‍ക്ക് വഴങ്ങേണ്ടിവരുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സഊദ് അല്‍ഹമാദ് പറഞ്ഞു. രാജകുടുംബത്തിലെ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വന്‍കിട ബിസിനസുകാര്‍ എന്നിവരെ അഴിമതിയുടെ പേരിലും ഭീകരതയെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിലും കഴിഞ്ഞ ഒരു വര്‍ഷമായി പിടികൂടി തടവില്‍ വെച്ചിരിക്കുകയാണ്. സഊദി രാജകുമാരന്‍ ബിന്‍ സല്‍മാന്റെ ഉത്തരവ് പ്രകാരമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ നവംബറില്‍ തുടങ്ങിയ അറസ്റ്റ് നടപടികളില്‍ നൂറിലേറെ പേര്‍ വിവിധ കുറ്റങ്ങളുടെ പേരില്‍ പിടിയിലായിട്ടുണ്ട്.

എന്നാല്‍ വന്‍കിട ബിസിനസുകാരില്‍ പലരെയും പിന്നീട് മോചിപ്പിച്ചിരുന്നു. ആഗോള നിക്ഷേപകന്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍തലാലിനെയും മോചിപ്പിച്ചിരുന്നു. സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായത്. ഈ ഇനത്തില്‍ 107 ബില്യന്‍ ഡോളര്‍ രാജ്യത്തിന് തിരിച്ചുകിട്ടിയതായി അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാറുമായി ധാരണയിലെത്താത്ത 56 പേര്‍ ഇപ്പോഴും തടവില്‍ കഴിയുകയാണ്.