Connect with us

Kerala

വെബ്‌സൈറ്റ് തുറന്നുകൊടുത്തില്ല: സാമൂഹിക പെന്‍ഷന്റെ ലക്ഷക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

Published

|

Last Updated

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റ് തുറന്നുകൊടുക്കാത്തതിനാല്‍ സാമൂഹിക ക്ഷേമപെന്‍ഷന്‍ അപേക്ഷകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നു. സര്‍ക്കാറിന്റെ അലംഭാവം മൂലം ലക്ഷക്കണക്കിന് അപേക്ഷകരാണ് പെന്‍ഷന്‍ ലഭിക്കാതെ പഞ്ചായത്തുകള്‍ കയറിയിറങ്ങുന്നത്.

വെല്‍ഫെയര്‍ പെന്‍ഷന്‍ എന്ന വെബ് സൈറ്റ് വഴിയാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഈ വെബ് സൈറ്റിലൂടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലോഗിന്‍ ചെയ്യാനാകുന്നില്ല എന്നതാണ് അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണം. ലോഗിന്‍ ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ തുറന്നുകൊടുക്കേണ്ടതുണ്ട്.

വാര്‍ധക്യകാല, വിധവ, അവിവാഹിത, വികലാംഗ, കര്‍ഷകത്തൊഴിലാളി എന്നിങ്ങനെയുള്ള സാമൂഹിക സുരക്ഷാ പെന്‍ഷനുകളിലാണ് നടപടികള്‍ വൈകുന്നത്. കേന്ദ്രീകൃത വെബ്‌സൈറ്റിലേക്ക് മാറിയ ശേഷം സോഫ്റ്റ് വെയര്‍ പ്രശന്ം മൂലം പെന്‍ഷന്‍ കിട്ടിക്കൊണ്ടിരുന്നവര്‍ക്ക് പെട്ടെന്ന് നിലച്ചുപോയ സാഹചര്യവുമുണ്ട്. ഇത് പരിഹരിക്കണമെങ്കിലും സര്‍ക്കാര്‍ കനിയേണ്ട അവസ്ഥയാണ്.

നിലവില്‍ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഈ അപേക്ഷകള്‍ കഴിഞ്ഞ ഡിസംബറോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വെബ്ബ് സൈറ്റ് മുഖേനെ സര്‍ക്കാറിന് സമര്‍പ്പിച്ച് തുടങ്ങിയത്. അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പരിശോധിച്ച ശേഷം ഡിജിറ്റല്‍ ഒപ്പോടെ സേവന പെന്‍ഷന്‍ എന്ന സോഫ്റ്റ് വെയറിലേക്ക് അപ്്‌ലോഡ് ചെയ്യണം. എന്നാല്‍ വെബ്‌സൈറ്റ് എപ്പോള്‍ സര്‍ക്കാര്‍ തുറന്നുകൊടുക്കുമെന്ന് വ്യക്തമായ അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇനി വെബ്‌സൈറ്റ് സര്‍ക്കാര്‍ പ്രവര്‍ത്തന ക്ഷമമാക്കുമ്പോള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരേസമയം വെബ്‌സൈറ്റിലേക്ക് പ്രവേശിക്കേണ്ടതായിവരും. ഒരേസമയം ലോഗിന്‍ ചെയ്യുന്നതുമൂലം വെബ്‌സൈറ്റ് മണിക്കൂറുകളോളം പ്രവര്‍ത്തന രഹിതമാകാനിടയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ 42,40,551 പേരാണ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നത്. പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതുമൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് വികലാംഗരും പ്രായമായവരുമാണ്. ഇവര്‍ അപേക്ഷകളിലെ തീരുമാനമറിയാനായി മാസങ്ങളായി അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കയറിയിറങ്ങുകയാണ്.

sijukm707@gmail.com