രാമസേതുവില്‍ പഠനം നടത്തില്ല: ഐ സി എച്ച് ആര്‍

Posted on: April 9, 2018 6:12 am | Last updated: April 8, 2018 at 10:07 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ രാമസേതു കൃത്രിമമായി നിര്‍മിച്ചതാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന പഠനം നടത്തില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്ററി റിസര്‍ച്ച് (ഐ സി എച്ച് ആര്‍).

രാമസേതു മുനുഷ്യ നിര്‍മിതമാണോ സ്വാഭാവികമായി രൂപപ്പെട്ടതാണോയെന്ന് കണ്ടെത്തുന്നതിന് പഠനം നടത്തില്ലെന്നും ഇത്തരത്തിലുള്ള പഠനത്തിന് ഫണ്ട് അനുവദിക്കില്ലെന്നും പുതുതായി ചുമതലയേറ്റ ഐ സി എച്ച് ആര്‍ ചെയര്‍പേഴസണ്‍ അരവിന്ദ് ജംഖേദര്‍ വ്യക്തമാക്കി.

നേരത്തെ ഇതേക്കുറിച്ച് കടല്‍ പര്യവേഷണം നടത്തി മനുഷ്യ നിര്‍മിതമാണോ അല്ലയോ എന്ന് കണ്ടെത്തുമെന്ന് ഐ സി എച്ച് ആര്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ പഠനം നടത്താന്‍ തയ്യാറാണെന്ന് കാണിച്ച് ഒരു ഗവേഷകന്‍ ഐ സി എച്ച് ആറിനെ സമീപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൗ ണ്‍സില്‍ അംഗങ്ങള്‍ ഇതിനെ പിന്തുണക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐ സി എച്ച് ആര്‍ പഠനം ഉപേക്ഷിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. രാമസേതു വാനരന്മാര്‍ നിര്‍മിച്ചതാണെന്നാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്.