പരസ്യങ്ങളുടെ മായാ വിപണി

Posted on: April 9, 2018 6:00 am | Last updated: April 8, 2018 at 10:00 pm

6,138.1 കോടി രൂപക്കാണ് അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ നേടിയത്. 2018 തുടങ്ങി 2023 വരെ നടക്കുന്ന ഇന്ത്യയുടെ വിദേശത്തെയും സ്വദേശത്തെയും മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യാനുള്ള അവകാശമാണ്‌സോണി, ജിയോ എന്നിവരടക്കമുള്ള മുന്‍നിര ടെലിവിഷന്‍ കരുത്തരെ പിന്തള്ളി സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. 2008-13വര്‍ഷത്തെ ലേലത്തുക 3,851 കോടി രൂപയായിരുന്നു. ഇത്തവണ തുക ഇരട്ടിയോളം വര്‍ധിച്ചു.

ഇത്രയും ഭീമമായ തുക മുടക്കി ക്രിക്കറ്റ് സംപ്രേഷണാവകാശം വാങ്ങിക്കണമെങ്കില്‍ അതിലേറെ തുക പരസ്യത്തിലൂടെ നേടാമെന്ന ഉത്തമ ബോധ്യം ചാനലുകാര്‍ക്കുണ്ടാകണം. ഒരു ചാനലിലെ ക്രിക്കറ്റ് സംപ്രേഷണത്തിലൂടെ മാത്രം ലഭിക്കുന്ന വരുമാനം ഇത്രയും വരുമെങ്കില്‍ രാജ്യത്തെ നൂറുകണക്കിന് ചാനലുകള്‍, വാര്‍ത്താ പത്രങ്ങള്‍, ഡിജിറ്റല്‍ മീഡിയകള്‍ തുടങ്ങിയവയിലൂടെ കൈവരുന്ന പരസ്യ വരുമാനം എത്ര വരും. സമൂഹത്തില്‍ പരസ്യം നേടുന്ന സ്വാധീനത്തിലേക്കാണ് ഈ ലേലത്തുകയുടെ വര്‍ധന വിരല്‍ ചൂണ്ടുന്നത്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ പരസ്യത്തിനു നിര്‍ണായക സ്ഥാനമാണ് ഉള്ളത്. നിമിഷ നേരത്തിന് പൊന്നും വില കൊടുത്താണ് കമ്പനികള്‍ തങ്ങളുടെ പരസ്യം മിനിസ്‌ക്രീനിലൂടെ ജനങ്ങിലേക്കെത്തിക്കുന്നത്. ഇതിനുള്ള ഭീമമായ തുക ഉപഭോക്താവില്‍ നിന്നാണ് അവര്‍ ഈടാക്കുന്നത്. ഉത്പാദനച്ചിലവിന്റെ പതിന്മടങ്ങാണ് പല നിര്‍മാതാക്കളും സാധനങ്ങള്‍ക്ക് വിലയിടുന്നത്.

ദൃശ്യ പത്രമാധ്യമങ്ങള്‍, വഴിയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിങ്ങനെ എവിടെ നോക്കിയാലും പരസ്യങ്ങളാണ്. നിത്യജീവിതത്തില്‍ പരസ്യങ്ങള്‍ കാണാത്ത, പരസ്യവാചകങ്ങള്‍ കേള്‍ക്കാത്ത ഒരു ദിവസം കടന്നുപോകുന്നില്ല. ചുവരെഴുത്തുകളില്‍ തുടങ്ങി ഓണ്‍ലൈന്‍ ബാനറുകള്‍ വരെയായി പല രൂപത്തിലും ഭാവത്തിലും അത് നമ്മുടെ മുന്നിലെത്തുന്നു. സാങ്കേതിക വിദ്യയുടെ പുരോഗതി, പരസ്യങ്ങളുടെ വ്യാപനത്തിലും സ്വാധീനത്തിലും അഭൂതപൂര്‍വ വളര്‍ച്ചയാണ് ഉണ്ടാക്കിത്. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഇവ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പരസ്യങ്ങളാണ് മിക്ക വ്യാപാരങ്ങളുടെയും ഉത്പന്നങ്ങളുടെയും വിജയ രഹസ്യമെങ്കില്‍ പരസ്യത്തിന്റെ ലഭ്യതയാണ് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെയും എണ്ണപ്പെരുപ്പത്തിന്റയും മുഖ്യഘടകം. മരച്ചീനി കിലോവിന് 15 രൂപയാണ് വില. ഇത് ഉണക്കിപ്പൊടിച്ചു ചില മിശ്രിതങ്ങളും ചേര്‍ത്തു ഉത്തമ ശിശു ആഹാരമെന്ന ലേബലില്‍ ബ്രാന്‍ഡ് ഉത്പന്നമായി വിപണിയിലെത്തുമ്പാള്‍ വില അറുനൂറും എണ്ണൂറുമായി ഉയരുന്നു. മരച്ചീനിയോളം സുരക്ഷിതവും ഗുണകരവുമായിരിക്കില്ല ഈ ഉത്പന്നം. എങ്കിലും പരസ്യങ്ങള്‍ ഉപഭോക്താവിനെ കൊണ്ടു അതു തന്നെ വാങ്ങിപ്പിക്കുന്നു. ഇവിടെയാണ് പരസ്യങ്ങളുടെ വിജയം.

ഉപഭോക്താവാണ് രാജാവ് എന്ന് പറയാറുണ്ട്. എന്നാല്‍ ആധുനിക കാലത്ത് വിപണിയെ നിയന്ത്രിക്കുന്നത് പരസ്യങ്ങളാണ്. ഉപഭോഗാസക്തി പരമാവധി വര്‍ധിപ്പിക്കുകയാണ് ആഗോളവത്കൃത മുതലാളിത്തത്തിന്റെ പ്രവര്‍ത്തനരീതിയും തന്ത്രവും. ഇതിനായി അവര്‍ ഉപയോഗപ്പെടുത്തുന്ന മുഖ്യമാര്‍ഗം പരസ്യങ്ങളാണ്. ഒരു രൂപയുടെ നിജാം പാക് മുതല്‍ കോടികള്‍ വിലവുരുന്ന വാഹനങ്ങള്‍ വരെ പരസ്യക്കൊഴുപ്പിലാണ് വിറ്റഴിയുന്നത്. ശരീര സൗന്ദര്യത്തിന്റെ രഹസ്യം ചില പ്രത്യേക ബ്രാന്‍ഡ് സോപ്പാണെന്നും കുട്ടികളിലെ ഉന്മേഷത്തിന്റെ ഉറവിടം ഹോര്‍ലിക്‌സും ബോണ്‍വിറ്റയുമാണെന്നുമുള്ള ധാരണ മലയാളികളുടെ മനസ്സില്‍ വരെ രൂഢമൂലമായിക്കഴിഞ്ഞെങ്കില്‍ പരസ്യം സൃഷ്ടിക്കുന്ന സ്വാധീനം എത്ര വലുതാണ്.

ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് പരസ്യങ്ങളോടുള്ള ഇഷ്ടം തന്നെയാണ് പ്രഥമ മാനദണ്ഡമാവുന്നതെന്ന് ടി വി പരസ്യങ്ങളുടെ സ്വാധീനത്തേക്കുറിച്ചു 2004-ല്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. പരസ്യങ്ങളുണ്ടാക്കുന്ന ആകാംക്ഷയാണ് 66.21 പേര്‍ക്കും ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രചോദനമാകുന്നത്. ഭൂരിഭാഗം പേര്‍ക്കും പരസ്യത്തിന്റെ സത്യസന്ധത വിഷയമേയല്ല. ഉത്പന്നങ്ങളുടെ ഗുണം സ്ഥിരീകരിക്കാതെയാണ് മിക്ക ഉപഭോക്കാക്കളും പരസ്യങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ട് അവ വാങ്ങുന്നതെന്നും പഠനം പറയുന്നു. സ്ത്രീകളും കുട്ടികളുമാണ് പരസ്യക്കാരുടെ മുഖ്യ ലക്ഷ്യം. പരസ്യ വാചകങ്ങളില്‍ ഇവര്‍ കബളിപ്പിക്കപ്പെടുകയാണ്. സൗജന്യവും ഡിസ്‌കൗണ്ടുകളും സമ്മാനപ്പെരുമഴയും വാഗ്ദാനം ചെയ്തുള്ള പ്രലോഭനങ്ങളും സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.

പരസ്യം ഉത്പന്നത്തെ സത്യസന്ധമായി പരിചയപ്പെടുത്തുന്നുതാകണം. എന്നാല്‍ പലരും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ ശാസ്ത്രസത്യങ്ങളെ വളച്ചൊടിക്കുക പോലും ചെയ്യുന്നു. കളവ് പറഞ്ഞ് ജനത്തെ വഞ്ചിച്ചു പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ നിയമങ്ങളുണ്ടെങ്കിലും അത് പാലിക്കുന്നില്ല. അടുത്തിടെ പാര്‍ലിമെന്റ് പാസ്സാക്കിയ റിയല്‍ എസ്റ്റേറ്റ് ആക്ട് പ്രകാരം ബ്രോഷറുകളിലെ പരസ്യങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടാല്‍ പലിശ സഹിതം തിരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. ബി എസ് ഐ (ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാന്‍ഡേര്‍ഡ് ആക്ട്) പ്രകാരം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് മുദ്ര (ഐ എസ്) ലഭിച്ച ഉത്പന്നത്തില്‍ അതിനനുസൃതമായ ഗുണനിലവാരം ഇല്ലാതിരുന്നാല്‍ തടവും കനത്ത പിഴയും ഉള്‍പ്പെടെ ശിക്ഷ നിര്‍ദേശിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് 50 ലക്ഷം പിഴയും മൂന്ന് വര്‍ഷം വിലക്കും ശിക്ഷയായി നല്‍കുന്ന നിയമം 2016 നവംബറില്‍ കേന്ദ്രം പാസ്സാക്കിയിട്ടുണ്ട്. നിയമത്തെ അവഗണിച്ചു ഉത്പന്നങ്ങള്‍ക്ക് ഇല്ലാത്ത ഗുണമേന്മ അവകാശപ്പെടുകയും ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളെ ഉത്തമ ഔഷധമായി പരിചയപ്പെടുത്തുകയും ചെയ്യുന്ന പരസ്യങ്ങള്‍ ധാരാളമായി വരുന്നുണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് അതിനെക്കുറിച്ചു വ്യക്തമായി പഠിച്ചറിയുകയും ഗുണദോഷങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കുകയുമാണ് വഞ്ചിക്കപ്പെടാതിരിക്കാനുള്ള വഴി.