Connect with us

Articles

ഷാ തന്ത്രങ്ങള്‍ പിഴക്കുന്നു

Published

|

Last Updated

ബി ജെ പി തന്ത്രങ്ങള്‍ തകര്‍ന്നടിയുകയാണ്. തിരഞ്ഞെടുപ്പിന് കേളിക്കൊട്ട് ഉയരുന്നതിന് മാസങ്ങള്‍ക്ക് മുമ്പെ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ യെദ്യൂരപ്പ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെയെല്ലാം മുനയൊടിഞ്ഞ അവസ്ഥയിലാണിപ്പോള്‍. രാഹുല്‍ഗാന്ധിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നാണ് ഓരോ കേന്ദ്രങ്ങളിലും ഒഴുകിയെത്തുന്ന ആള്‍ക്കൂട്ടം തെളിയിക്കുന്നത്. ഉത്തര കര്‍ണാടകയിലെ 103 മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് വിഭാഗം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചത് ബി ജെ പിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. പരാജയം മണത്തറിഞ്ഞ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയില്‍ ക്യാമ്പ് ചെയ്തുള്ള പ്രചാരണമാണ് നടത്തുന്നത്. ക്ഷേത്രങ്ങളും സന്യാസിമഠങ്ങളും സന്ദര്‍ശിക്കുന്ന അമിത്ഷാ ലിംഗായത്ത് ആസ്ഥാന മന്ദിരത്തില്‍ പതിവ് സന്ദര്‍ശകനായി മാറിയിട്ടുണ്ട്.

മൈസൂരു രാജ്ഞി പ്രമോദ ദേവിയെയും മകന്‍ യെദ്‌വീറിനെയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബി ജെ പി നടത്തുന്ന നീക്കവും അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടതിനെ തുടര്‍ന്നാണ്. സമുദായത്തിനിടയില്‍ ഇപ്പോള്‍ ബി ജെ പിക്ക് അനുകൂലമായ കാലാവസ്ഥയല്ലെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. സമുദായത്തിലെ മുതിര്‍ന്ന സ്വാമിയായ ചിത്രദുര്‍ഗ മുരുകരാജേന്ദ്ര മഠത്തിലെ ശിവമൂര്‍ത്തി മുരുക ശരണഗുരു സ്വാമിയുടെ പിന്തുണ തേടിയെത്തിയ അമിത് ഷായോട് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. സര്‍ക്കാറിന്റെ തീരുമാനം ലിംഗായത്ത് വിഭാഗത്തെ ഭിന്നിപ്പിക്കില്ലെന്നും മറിച്ച് അത് സമുദായത്തെ ശക്തമാക്കുകയേ ചെയ്യുകയുള്ളൂവെന്നും വ്യക്തമാക്കി സ്വാമി കത്തും നല്‍കി. ഇതെല്ലാം ബി ജെ പിയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് അമിത് ഷാ സ്വീകരിച്ചത്. ന്യൂനപക്ഷ പദവി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കേന്ദ്രം അംഗീകരിക്കില്ലെന്ന സൂചനയാണ് ഷാ ഇതിലൂടെ നല്‍കിയത്. പരമ്പരാഗത വോട്ട് ബേങ്കായ ലിംഗായത്തുകളുടെ പിന്തുണ നേടിയാണ് 2008ല്‍ ബി ജെ പി ഭരണത്തിലെത്തിയത്. സമുദായ നേതാക്കളെ കാണാനെത്തുന്നത് അനുഗ്രഹം നേടാനാണെന്നും അല്ലാതെ പിന്തുണ നേടാന്‍ അല്ലെന്നും ഷാ പറയുന്നൂ. സംസ്ഥാനത്ത് എസ് സി, എസ് ടി വിഭാഗം 26 ശതമാനവും വൊക്കലിഗ 15 ശതമാനവും ഒ ബി സി 30 ശതമാനവും മുസ്‌ലിം വിഭാഗം ഒമ്പത് ശതമാനവുമുണ്ട്.

ഖനി അഴിമതി ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന യെദ്യൂരപ്പയെ തന്നെ ബി ജെ പി വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് ലിംഗായത്ത് വോട്ടുകളില്‍ കണ്ണുംനട്ടാണ്. ഒരു കാലത്ത് വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. 1990ല്‍ ലിംഗായത്ത് നേതാവായ വീരേന്ദ്രപാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതാണ് സമുദായം കോണ്‍ഗ്രസുമായി അകലാനിടയാക്കിയത്. മതന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനത്തിലൂടെ ലിംഗായത്ത് വോട്ടുകളില്‍ 30 ശതമാനം എങ്കിലും നേടിയെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. അടിയൊഴുക്കുകള്‍ സംഭവിച്ചില്ലെങ്കില്‍ മംഗളൂരു മുതല്‍ ഗോവ വരെ നീണ്ടുകിടക്കുന്ന തീരദേശ മേഖലകളിലും ബി ജെ പിക്ക് മേധാവിത്വം നേടാന്‍ കഴിയില്ല.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി യെദ്യൂരപ്പയെ നിശ്ചയിച്ചത് ബി ജെ പിക്ക് തുടക്കം തന്നെ കല്ലുകടിയായെന്നതിന്റെ ഉദാഹരണമാണ് അവര്‍ നടത്തിയ ആഭ്യന്തര സര്‍വെ ഫലം. ആകെയുള്ള 224 സീറ്റുകളില്‍ 109 സീറ്റുകളിലും വിജയിച്ച് കോണ്‍ഗ്രസ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് ബി ജെ പി നടത്തിയ സര്‍വേ ഫലത്തില്‍ പുറത്തുവന്നത്. 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാറുണ്ടാക്കിയ ബി ജെ പിക്ക് അഴിമതിയും തമ്മിലടിയും കാരണമാണ് അധികാരം നഷ്ടമായത്. പാര്‍ട്ടിയുടെ അമരക്കാരനായ ബി എസ് യെദ്യൂരപ്പ കര്‍ണാടക ജനതാ പാര്‍ട്ടി ( കെ ജെ പി) രൂപവത്കരിച്ച് ബി ജെ പിക്ക് എതിരെ തിരിയുകയായിരുന്നു. മോദിയും അമിത്ഷായും പാര്‍ട്ടിയുടെ അമരത്തെത്തിയപ്പോഴാണ് യെദ്യൂരപ്പ മാതൃസംഘടനയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ബി ജെ പി കര്‍ണാടകയില്‍ നടത്തിയ പരിവര്‍ത്തന്‍ യാത്രയില്‍ മിക്ക സ്ഥലങ്ങളിലും ജനപങ്കാളിത്തം കുറവായത് പാര്‍ട്ടിക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. ഇതാകട്ടെ, ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിശിത വിമര്‍ശനത്തിനും കാരണമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അമിത്ഷാക്ക് പലപ്പോഴും നാക്ക് പിഴച്ചതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. കര്‍ണാടകയില്‍ ആര്‍ എസ് എസ് നടത്തുന്ന നേരിട്ടുള്ള ഇടപെടലുകളും ബി ജെ പിക്ക് ഗുണം ചെയ്തിട്ടില്ല. നിര്‍ണായകമായ സവര്‍ണ വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ആര്‍ എസ് എസ് മേധാവിയുടെ നീക്കങ്ങള്‍ പാളിയതും കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുന്ന അമിത് ഷായെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന ജാതി-മത സമവാക്യങ്ങള്‍ക്ക് മുമ്പില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രചാരണതന്ത്രം പോലും ആവിഷ്‌കരിക്കാനാവാത്ത നിലയിലാണ് ബി ജെ പി പാളയം. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അമിത് ഷായോട് ചോദ്യം ചോദിച്ച കര്‍ഷകന്റെ കൈയില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങേണ്ട അവസ്ഥയുമുണ്ടായി. കര്‍ണാടകയിലെ ഹംനാബാദില്‍ നടന്ന യോഗത്തിലായിരുന്നു സംഭവം. ബി ജെ പിയുടെ കര്‍ഷക നയം സംബന്ധിച്ചായിരുന്നു സംവാദം. പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ അമിത് ഷാ തയ്യാറായില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടിട്ടുണ്ട്. ആയിരക്കണക്കിന് കര്‍ഷകരാണ് അമിത് ഷായെ കാണാന്‍ വന്നത്. എന്നാല്‍, വെറും അഞ്ച് പേര്‍ക്ക് മാത്രമാണ് ചോദ്യം ചോദിക്കാനുള്ള അവസരം നല്‍കിയതെന്നാണ് ആരോപണം.

പഞ്ചാബ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക വലിയ സംസ്ഥാനമാണ് കര്‍ണാടക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആഞ്ഞുവീശിയ ബി ജെ പി കൊടുങ്കാറ്റില്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് കോട്ടകള്‍ കടപുഴകി വീണിട്ടുണ്ട്. എന്നാല്‍ യു പിയിലെ ശക്തി കേന്ദ്രങ്ങളില്‍ അടുത്തിടെ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി കാര്യങ്ങള്‍ പന്തിയല്ലെന്ന് ബി ജെ പിയെ ബോധ്യപ്പെടുത്തുന്നുണ്ട്. ഈ നില മാറ്റാനും കൂടുതല്‍ ശക്തിയോടെ മുന്നേറാനും ബി ജെ പി തരംഗം അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കാനും കര്‍ണാടകയിലെ വിജയം പാര്‍ട്ടിക്ക് അനിവാര്യമാണ്.

തീവ്രഹിന്ദുത്വത്തിലൂന്നിയുള്ള പ്രചാരണമാണ് ദക്ഷിണ കന്നഡ ജില്ലകളില്‍ ബി ജെ പി ഇതിനകം കാഴ്ച വെച്ചത്. എന്നാല്‍, കന്നഡ ഭാഷാ വികാരം ഊട്ടിയുറപ്പിച്ച് ജനങ്ങളെ മുഴുവന്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് പോയ നാളുകളില്‍ സിദ്ധരാമയ്യ ശ്രമിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പിന്തുടരുന്നത് ഹിന്ദുവിരുദ്ധതയാണെന്ന ബി ജെ പി വിമര്‍ശനത്തെ രാഹുലിന്റെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളും സന്യാസിമഠങ്ങളും സന്ദര്‍ശിച്ചാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചത്. ഗുജറാത്തിലും കോണ്‍ഗ്രസ് നേരിട്ട പ്രധാന ആരോപണം ഇതുതന്നെയായിരുന്നു. ഗുജറാത്ത് മോഡല്‍ തിരഞ്ഞെടുപ്പ് പ്രചാരണമാണ് അഞ്ച് ഘട്ടങ്ങളിലും രാഹുല്‍ കര്‍ണാടകയില്‍ പരീക്ഷിച്ചത്. സിദ്ധരാമയ്യ ഏത് മതത്തില്‍ പെട്ടയാളാണെന്ന് വ്യക്തമാക്കണമെന്ന അമിത് ഷായുടെ വെല്ലുവിളിയെ ജൈനമത വിശ്വാസിയായ ഷാ തന്റെ മതം ആദ്യം പറയട്ടെയെന്ന മറു ആവശ്യമുയര്‍ത്തിയാണ് സിദ്ധരാമയ്യ നേരിട്ടത്.

രാഹുല്‍ ബ്രിഗേഡാണ് കര്‍ണാടക തിരഞ്ഞെടുപ്പിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ ജനകീയാടിത്തറയുള്ള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് കര്‍ണാടകയില്‍ പാര്‍ട്ടിയുടെ ശക്തിയും ആവേശവും. വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും അതിജീവിച്ചാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ അഞ്ച് വര്‍ഷം തികക്കുന്ന ആദ്യ കര്‍ണാടക മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ദേവരാജക്ക് ശേഷം കര്‍ണാടക ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രി. 1972 മുതല്‍ 1977 വരെയാണ് ദേവരാജ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരുന്നത്. തൊട്ടടുത്ത വര്‍ഷം വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏഴ് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ദേവരാജ തന്നെയാണ് ഏറ്റവും കൂടുതല്‍ കാലം കര്‍ണാടക ഭരിച്ചത്. മെയ് 15ന് സിദ്ധരാമയ്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് ചരിത്രമാകും. വികസന രംഗത്ത് രൂപപ്പെടത്തിയ പുത്തന്‍ ചക്രവാളം കോണ്‍ഗ്രസിന്റെ ഭരണത്തുടര്‍ച്ചക്ക് കളമൊരുക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കുശാഗ്ര ബുദ്ധിയുടെയും അനിതര സാധാരണമായ പാടവത്തിന്റെയും ആള്‍രൂപമാണ് സിദ്ധരാമയ്യ. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ ഒട്ടേറെ ധീരമായ തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊണ്ടത്. കര്‍ണാടകക്ക് സ്വന്തം പതാക രൂപപ്പെടുത്തിയതും ബി ജെ പി- ആര്‍ എസ് എസ് വെല്ലുവിളികളെ അതിജീവിച്ച് സര്‍ക്കാര്‍ തലത്തില്‍ ടിപ്പുജയന്തി ആഘോഷിച്ചതും ലിംഗായത്തുകള്‍ക്ക് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കിയതും ഇന്ദിരാകാന്റീന്‍, സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങള്‍ എന്നിവ ആരംഭിച്ചതും ശ്രദ്ധേയമായ നേട്ടങ്ങളാണ്.

സംഘടനാ സംവിധാനം താഴെത്തട്ടുമുതല്‍ സജീവമാക്കി കോണ്‍ഗ്രസ് പാളയത്തെ തിരഞ്ഞെടുപ്പില്‍ കര്‍മനിരതമാക്കാന്‍ കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സെക്രട്ടറി പി സി വിഷ്ണുനാഥും രംഗത്തുണ്ട്. 2008ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 110 സീറ്റുകളാണ് ലഭിച്ചത്. 80 സീറ്റുകളില്‍ കോണ്‍ഗ്രസും ജയിച്ചുകയറി. 2013ല്‍ 122 സീറ്റുകളില്‍ ജയിച്ച് സര്‍ക്കാറുണ്ടാക്കി കോണ്‍ഗ്രസ് ഭരണത്തിലെത്തി. ബി ജെ പിക്കും ജെ ഡി എസിനും 40 സീറ്റുകള്‍ വീതം ലഭിച്ചു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28ല്‍ 19 സീറ്റുകള്‍ ബി ജെ പി നേടി. കോണ്‍ഗ്രസ് ആറ് സീറ്റും. 2014ല്‍ 17 സീറ്റ് ബി ജെ പിക്കും ഒമ്പത് സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു. എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍- എസിന് പഴയപ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും പല മണ്ഡലങ്ങളിലും നിര്‍ണായകമാണ് ഈ പാര്‍ട്ടി. ഇത്തവണ മായാവതിയുടെ ബി എസ് പിയുമായി ചേര്‍ന്നാണ് ജെ ഡി എസ് അങ്കത്തിനിറങ്ങുന്നത്. ബി എസ് പിയുടെ രംഗപ്രവേശം കോണ്‍ഗ്രസിന് ലഭിക്കുന്ന ദളിത് – പിന്നാക്ക വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമോയെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.