Connect with us

Articles

ചോര്‍ന്നത് ചോദ്യക്കടലാസ് മാത്രമല്ല

Published

|

Last Updated

ഉയര്‍ന്ന ജീവിത മൂല്യങ്ങള്‍ ആര്‍ജിക്കാനാണ് ഓരോ രക്ഷിതാവും വിദ്യാര്‍ഥിയെ സ്‌കൂളിലേക്കയക്കുന്നത്. സി ബി എസ് ഇ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന ജീവിത മൂല്യങ്ങള്‍ നേടാമെന്നും തന്റെ മകന്‍/മകള്‍ നാളെയുടെ വാഗ്ദാനമായി മാറുമെന്നും വിശ്വസിച്ച് ഉയര്‍ന്ന ഫീസും നല്‍കി ആ സിലബസിലുള്ള സ്‌കൂളുകളിലേക്ക് അയച്ചിരുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ ആശങ്കയിലാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ തന്നെ മൂല്യത്തകര്‍ച്ച നേരിടുന്നതായി വീണ്ടും വീണ്ടും പൊതു സമൂഹത്തിന് മുമ്പില്‍ തെളിയുകയാണ്. സി ബി എസ് ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചേദ്യപേപ്പര്‍ ചോര്‍ന്ന സംഭവവും വിഷയത്തില്‍ ബോര്‍ഡ് കൈക്കൊണ്ട നയങ്ങളും വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.

എന്താണ് സംഭവിച്ചത്?

വര്‍ഷങ്ങളായി സി ബി എസ് ഇ മൂന്ന് സെറ്റ് ചോദ്യപേപ്പറുകളാണ് പൊതു പരീക്ഷകള്‍ക്കായി തയ്യാറാക്കുന്നത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ചോദ്യ നമ്പറില്‍ മാത്രം വ്യത്യാസം വരുത്തി ഒരു സെറ്റ് മാത്രമാണ് തയ്യറാക്കിയത്. വിദ്യാര്‍ഥികള്‍ പരസ്പരം ചോദിച്ചെഴുതാതിരിക്കാന്‍ എ, ബി, സി വിഭാഗങ്ങളിലായി മൂന്ന് വ്യത്യസ്ത ചോദ്യപേപ്പര്‍ തയ്യറാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു പോലുള്ള മൂന്ന് ചോദ്യപേപ്പറും ക്രമ നമ്പറില്‍ മാത്രം വ്യത്യാസം വരുത്തുകയുമാണ് ചെയ്തത്. ഇത് പരീക്ഷയുടെ ആധികാരികത നഷ്ടമാക്കി. ഡല്‍ഹി, മറ്റ് സംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്ന രീതിയിലാണ് മുമ്പ് മൂന്ന് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരുന്നത്. ഇതെല്ലാം പാടേ ഉപേക്ഷിച്ചാണ് ഈ വര്‍ഷം ഒരു സെറ്റ് മാത്രം തയ്യാറാക്കിയത്. ചോദ്യം ചോര്‍ന്നത് പുറത്തായിട്ടും സി ബി എസ് ഇ എടുത്ത നിലപാടാകട്ടെ ഡല്‍ഹിയിലെ മാത്രം പുനഃപരീക്ഷയാണ്. മാര്‍ച്ച് 27 ന് ചോദ്യപേപ്പര്‍ കിട്ടിയെന്ന ഹരിയാന സ്വദേശിയായ വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ വരുന്നതിന് നാല് ദിവസം മുമ്പ് പൊതു പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോരാന്‍ ഇടയുണ്ടെന്ന ഫാക്‌സ് സന്ദേശം ബോര്‍ഡിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് ഗൗരവമായി എടുത്തില്ല.

പത്താം ക്ലാസിലെ കണക്ക് പരീക്ഷ നടക്കുന്നത് മാര്‍ച്ച് 28 ന് രാവിലെ പത്തരക്കാണ്. പത്തിന് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ ഹാജരാകണം. ഉത്തരക്കടലാസ് പൂരിപ്പിക്കുന്നതിനും കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുമായാണ് ആദ്യ അരമണിക്കൂര്‍. പത്തരക്ക് ആരംഭിക്കുന്ന പരീക്ഷ ഉച്ചയ്ക്ക് ഒന്നരക്കാണ് അവസാനിക്കുക. കണക്ക് പരീക്ഷ നടക്കുന്ന ദിവസം അതിരാവിലെ 1.29 നാണ് സി ബി എസ് ഇയുടെ ഔദ്യോഗിക അംഗത്തിന്റെ ഇ-മെയിലിലേക്ക് അന്ന് നടക്കേണ്ടുന്ന ചോദ്യക്കടലാസിന്റെ കോപ്പി എത്തുന്നത്. ഇത് പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ എക്‌സാം കണ്‍ട്രോളര്‍ അറിയുകയും ചെയ്തു. എന്നിട്ടും സി ബി എസ് ഇ അധികൃതര്‍ പരീക്ഷ നിര്‍ത്തിവെക്കാന്‍ തയ്യാറായില്ല. എന്നാല്‍ ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘങ്ങളെ കുറിച്ചാണ്. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ചോദ്യപേപ്പര്‍ പലര്‍ക്കും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രഥമാ ദൃഷ്ട്യാ തന്നെ എക്‌സാം കണ്‍ട്രോളര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. കാരണം, ചോദ്യപേപ്പറടങ്ങുന്ന ഇ മെയിലില്‍ ചോദ്യ പേപ്പര്‍ ഷെയര്‍ ചെയ്ത വാട്‌സാപ്പ് നമ്പരുകളും ഉണ്ടായിരുന്നു. ഒരു പക്ഷേ രാവിലെ തന്നെ സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായെന്ന് പ്രഖ്യാപിക്കുകയും പരീക്ഷാ റദ്ദാക്കുകയും ചെയ്തിരുന്നുവെങ്കില്‍ പൊതു പരീക്ഷയ്ക്ക് പ്രാധ്യാന്യം കൈവന്നേനെ. സി ബി എസ് ഇയുടെ ഈ നിലപാടാണ് മൂല്യതകര്‍ച്ച ആരോപിക്കാന്‍ പ്രധാന കാരണം.

ഇപ്പോള്‍ തുടങ്ങിയതല്ല

2017-18 അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ സി ബി എസ് ഇ നിലവാര തകര്‍ച്ച നേരിട്ടിട്ടുണ്ട്. ഈ അധ്യയന വര്‍ഷം തുടക്കം മുതല്‍ തന്നെ സി ബി എസ് ഇയുടെ നയങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായിരുന്നു. വിദ്യാര്‍ഥികളിലെ സര്‍വ മേഖലയിലെ കഴിവും കണ്ടെത്തുന്നതിനായും അത് പുറത്ത് കൊണ്ട് വരാന്‍ സഹായിക്കുന്ന തരത്തിലുമുള്ള നിരന്തര മൂല്യ നിര്‍ണയ രീതി എടുത്ത് മാറ്റുകയും ഈ അധ്യയന വര്‍ഷത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയ പദ്ധതി കൊണ്ട് വരികയും ചെയ്തു. 60:40 എന്ന രീതിയിലായിരുന്ന നിരന്തര മൂല്യ നിര്‍ണയ രീതി മാറ്റിയ സ്ഥാനത്ത് ഇപ്പോള്‍ 80:20 എന്ന മാര്‍ക്കിംഗ് സിസ്റ്റമാണ്. ഇത് കുട്ടികളിലെ പഠനേതര മേഖലയിലെ അഭിരുചി കണ്ടെത്താന്‍ അനുയോജ്യമല്ല എന്ന് ചൂണ്ടികാട്ടി 2017-18 അധ്യയന വര്‍ഷത്തില്‍ തന്നെ അധ്യാപകരും പ്രിന്‍സിപ്പല്‍മാരും വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എന്നാല്‍ അധ്യയന വര്‍ഷത്തിന്റെ അവസാനത്തിലാണ് പരിഷ്‌കരിച്ച രീതി പൂര്‍ണമായും പരാജയമാണെന്ന് തിരിച്ചറിഞ്ഞ് നിരന്തര മൂല്യ നിര്‍ണയ രീതി തിരിച്ച് കൊണ്ട് വരുമെന്ന് ബോര്‍ഡ് പ്രഖ്യാപിക്കുന്നത്.
പഠന ഭാരം കുറക്കുന്നതിന് രണ്ട് സെമസ്റ്ററുകളിലായി നടപ്പാക്കിയിരുന്ന രീതി ഉപേക്ഷിച്ചാണ് ഈ വര്‍ഷം മുതല്‍ ഒരു അധ്യയന വര്‍ഷം പഠിക്കുന്ന എല്ലാ പാഠഭാഗങ്ങളും വാര്‍ഷിക പരീക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പഴഞ്ചന്‍ രീതി വീണ്ടും കൊണ്ടു വന്നത്. സി ബി എസ് ഇയുടെ മൂല്യതകര്‍ച്ചയെയാണ് ഉപേക്ഷിച്ച രീതി വീണ്ടും കൊണ്ടുവന്നതും അത് അധ്യായന വര്‍ഷം പകുതിയില്‍ വെച്ച് അവസാനിപ്പിച്ചതും ചൂണ്ടിക്കാണിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് വിദ്യാര്‍ഥി സ്വായത്തമാക്കുന്ന അറിവ് പൊതു പരീക്ഷയിലൂടെ അവന്റെ ജീവിത വഴി നിര്‍ണയിക്കാന്‍ തിരെഞ്ഞടുക്കുമ്പോള്‍, അതിനൊരു മൂല്യവുമില്ല എന്ന ധാരണ കുട്ടിക്ക്് ഉണ്ടാകുക വഴി സി ബി എസ് ഇയുടെ നിലവാരത്തകര്‍ച്ച പുറത്ത് വരികയാണ്. നിരന്തര മൂല്യനിര്‍ണയത്തിലൂടെ കുട്ടിയില്‍ അന്തര്‍ലീനമായ കഴിവും പാഠ്യ- പാഠ്യേതര മേഖലകളിലെ കഴിവും കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍ കഴിഞ്ഞ അധ്യയന വര്‍ഷങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമായിരുന്നു. എന്ത് കരിക്കുലമാണ് പിന്തുടരുന്നതെന്ന് പോലും വിദ്യാര്‍ഥിക്കറിയില്ല. നിലവാരമില്ലാത്ത ഇത്തരം സമ്പ്രദായങ്ങള്‍ സി ബി എസ് ഇയുടെ നിറം കെടുത്തുന്നു.

പരീക്ഷയെന്ന കാട്ടിക്കൂട്ടല്‍

പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ നടത്തുന്ന പൊതു പരീക്ഷാ നടത്തിപ്പിലും വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പരീക്ഷാ ഹാളില്‍ നില്‍ക്കുന്ന ഇന്‍വിജിലേറ്റര്‍ മൊബൈല്‍ ഫോണോ, മറ്റ് ഇലക്‌ട്രോണിക് ഡിവൈസുകളോ ഉപയോഗിക്കരുതെന്ന് സി ബി എസ് ഇ എക്്‌സാം സെന്ററുകള്‍ക്ക് സര്‍ക്കുലര്‍ മുഖാന്തരം അറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും കേരളത്തിലടക്കമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ ഇത് ലംഘിക്കപ്പെട്ടു. ഇന്‍വിജിലേറ്റര്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന പരിശോധന മിക്ക സെന്ററുകളിലും നടന്നില്ല. ഇത് പൊതു പരീക്ഷാ നടത്തിപ്പിലെ വീഴ്ചയാണ്. ഇതേ സമയം കോട്ടയം വാതൂര്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ കഴിഞ്ഞ മാസം 28 ന് നടന്ന കണക്ക് പരീക്ഷയില്‍ ഒരു കുട്ടിക്ക് കിട്ടിയ ചോദ്യപേപ്പര്‍ 2016 ലേതായിരുന്നു. കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥി കുമ്മനം ചാത്തന്‍കോട് സ്വദേശി സലീമിന്റെ മകള്‍ ആമിനക്കാണ് 2016 ലെ പഴയ ചോദ്യപേപ്പര്‍ കിട്ടിയത്. ചോദ്യപേപ്പര്‍ സെറ്റ് എക്‌സാം സെന്ററുകളില്‍ ഇന്‍വിജിലേറ്റ് ഡ്യൂട്ടിയിലുള്ളവര്‍ ഒപ്പിട്ട് പായ്ക്കറ്റ് പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് തുറക്കാറുള്ളത്. അതിനാല്‍ തന്നെ എക്‌സാം സെന്ററില്‍ നിന്നുള്ള വീഴ്ചയല്ല 2016 ചോദ്യപേപ്പര്‍ കുട്ടിക്ക് കിട്ടിയതില്‍ പ്രതികൂട്ടിലാകുന്നത് സി ബി എസ് ഇയാണ്. 2017-18 വര്‍ഷത്തെ ചോദ്യപേപ്പര്‍ പായ്ക്ക് ചെയ്യുന്ന സമയത്ത് എങ്ങനെ 2016 ലെ ചോദ്യപേപ്പര്‍ വന്നു? എത്ര വലിയ വീഴ്ചയാണ് ഇത്.

സംസ്ഥാനത്തെയടക്കം സി ബി എസ് ഇ സിലബസുള്ള സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ഥികളോട് സ്വീകരിക്കുന്ന നയം തീര്‍ത്തും അപകടം പിടിച്ചതാണ്. ഒമ്പതാം ക്ലാസ് വരെ ഫീസ് നല്‍കുന്ന രക്ഷിതാവിന്റെ സന്തോഷത്തിനും പണത്തിനും വേണ്ടി വിദ്യാര്‍ഥി പഠന നിലവാരത്തില്‍ പിന്നിലാണെങ്കിലും അവനെ തോല്‍പ്പിക്കാതിരിക്കും. ഒമ്പതാം ക്ലാസിലെ പഠന നിലവാരം മോശമായാല്‍ സ്‌കൂളിന്റെ റിസള്‍ട്ട് ഭയന്ന് കുട്ടിയെ പത്താം തരത്തിലേക്ക് പ്രമോട്ട് ചെയ്യാതിരിക്കും. ഇത് എല്ലാ വിദ്യാലയങ്ങളുടെയും സ്ഥിതിയല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിനെതിരെ പല രക്ഷിതാക്കളും രംഗത്ത് വരികയും സി ബി എസ് ഇ ഈ സമ്പ്രദായത്തിനെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒമ്പതാം തരത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥിയെ ടി സി നല്‍കി വിടരുതെന്ന് പറയുന്ന സി ബി എസ് ഇക്ക് ഇത്തരം പ്രവണത പുലര്‍ത്തുന്ന സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഭവിച്ചത്. വിദ്യാര്‍ഥിക്ക് ഒമ്പതാം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞു എങ്കില്‍ അതിന് ഉത്തരം പറയേണ്ടത് പഠിച്ച സിലബസും സകൂളുമാണ്. മിടുക്കരായ വിദ്യാര്‍ഥികളെ മാത്രം പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം അവകാശപ്പെടുന്ന സ്‌കൂളുകളുടെ പിന്നാമ്പുറ കാഴ്ചകളിതാണ്.
മാറ്റം അനിവാര്യം

സി ബി എസ് ഇ ഏര്‍പ്പെടുത്തുന്ന സമ്പ്രദായങ്ങള്‍ പലതും ദീര്‍ഘ വീക്ഷണ കാഴ്ചപ്പാടുള്ളവയല്ല. അതിന്റെ വിപരീത ഫലമനുഭവിക്കുന്നതാകട്ടെ പാവം വിദ്യാര്‍ഥികളും. പരീക്ഷണ വസ്തുക്കളെ പോലെ ഓരോ പദ്ധതികള്‍ നടപ്പിലാക്കുകയും അത് പരാജയമാണെന്ന് കാണുമ്പോള്‍ പിന്‍വലിക്കുകയും ചെയ്യും. പരീക്ഷണം നടത്താനുള്ളതാണോ സി ബി എസ് ഇയെ വിശ്വസിച്ച് ഇന്ത്യയിലും വിദേശത്തുമായി പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി. മാറ്റം അനിവാര്യമാണ്. പുതിയ അധ്യയന വര്‍ഷം നിരന്തര മൂല്യ നിര്‍ണയ രീതി കൊണ്ട് വരികയാണ് സി ബി എസ് ഇ. അത് പോലെ ഈ വര്‍ഷം ചോദ്യപേപ്പര്‍ തയ്യറാക്കുന്നതില്‍ വരുത്തിയ മാറ്റവും നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപപിച്ചിട്ടുണ്ട്. വരുന്ന അധ്യയന വര്‍ഷം സി ബി എസ് ഇ വിദ്യാഭാസ മൂല്യങ്ങളെ ഉള്‍കൊണ്ട് അധ്യയനം തുടങ്ങുമെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഒപ്പം രക്ഷകര്‍ത്താക്കളുടെയും പ്രതീക്ഷ.