Connect with us

Kerala

ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന് ശേഷം മലയാളി കണ്ട വീരനായകനാണ് വിടി ബല്‍റാം: അഡ്വ. ജയശങ്കര്‍

Published

|

Last Updated

തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടി വെളളിത്തിരയില്‍ കയ്യടി വാങ്ങിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് വിടി ബല്‍റാം എംഎല്‍എയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. കരുണാ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ലിനെ സ്വന്തം പാര്‍ട്ടി എതിര്‍ത്തപ്പോഴും ബല്‍റാം അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയശങ്കറുടെ പ്രതികരണം.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു ആരെന്ന കാര്യത്തില്‍ സംശയമില്ലെന്നും അത് വിടി ബല്‍റാം ആണെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…..

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു ആരെന്ന കാര്യത്തില്‍ സംശയമില്ല. വിടി ബല്‍റാം.

മെഗാസ്റ്റാര്‍ മമ്മൂട്ടി വെളളിത്തിരയില്‍ കയ്യടി വാങ്ങിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎല്‍എ ബല്‍റാം. കരുണാ സഹായ ബില്ലിന്റെ ചര്‍ച്ച കണ്ട എസ്എഫ്‌ഐ സഖാക്കള്‍ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും. അതുതന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രശ്‌നം.

ഉമ്മനും ചെന്നിയും ഹസന്‍ജിയും മുതല്‍ ശബരീനാഥനും റോജി എം ജോണും വരെ ബല്‍റാമിന്റെ കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്: ബല്‍റാം ചെയ്തത് ശരിയല്ല, ശരിയല്ല, ശരിയല്ല!

ബല്‍റാം പിന്നെ എന്തു ചെയ്യണമായിരുന്നു? അദ്ദേഹത്തിന്റെ വിപരീത അഭിപ്രായം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തുറന്നു പറയണമായിരുന്നു. കരുണാ സഹായ ബില്ലിലെ അധാര്‍മികതയും ഭരണഘടനാ വിരുദ്ധതയും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തണമായിരുന്നു. എങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ നിലപാട് മാറ്റുമായിരുന്നു. ചിലരൊക്കെ ജബ്ബാര്‍ ഹാജിയോടു വാങ്ങിയ പണം തിരിച്ചു കൊടുക്കുകയും ചെയ്‌തേനെ. തൃത്താല എംഎല്‍എയുടെ അപക്വത മൂലം പാര്‍ട്ടിക്കും മുന്നണിക്കും ആ സുവര്‍ണാവസരം നഷ്ടമായി.

ഇത് കടുത്ത അച്ചടക്ക ലംഘനമാണ്, പെരുമാറ്റ ദൂഷ്യമാണ്. മഹത്തായ കോണ്‍ഗ്രസ് സംസ്‌കാരത്തിനു നിരക്കാത്ത നടപടിയാണ്.

കോണ്‍ഗ്രസിനെ കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല.

Latest