Connect with us

Kerala

ഇസ്‌റാഈല്‍ സേനയുടെ വെടിയേറ്റ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Published

|

Last Updated

ജറുസലേം: ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് മടങ്ങാനുള്ള അവകാശത്തിനായി ഗാസ അതിര്‍ത്തിക്ക് സമീപം നടക്കുന്ന വന്‍ പ്രതിഷേധ പ്രകടനത്തിനിടെ ഇസ്‌റാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഗാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അയിന്‍ മീഡിയ ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ യാസര്‍ മുര്‍തജയാണ് മരിച്ചത്. ദക്ഷിണ ഗാസ മുനമ്പിലെ ഖുസയില്‍വെച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യാസറിന്റെ വയറിന് വെടിയേറ്റത്. മാധ്യമപ്രവര്‍ത്തകരെ തിരിച്ചറിയാനായി ധരിക്കുന്ന പ്രസ് എന്നെഴുതിയ ജാക്കറ്റ് വെടിയേല്‍ക്കുമ്പോള്‍ യാസിര്‍ ധരിച്ചിരുന്നു. ഇസ്‌റാഈല്‍ സേനയുടെ വെടിയേറ്റ് യാസിര്‍ വീഴുന്നത് കണ്ടുവെന്ന് സംഭവസമയത്ത് അവിടെയുണ്ടായിരുന്ന മറ്റൊരു ഫോട്ടോഗ്രാഫറായ ഹൊസാം സലേം അല്‍ ജസീറയോട് പറഞ്ഞു.
ശനിയാഴ്ച 20കാരനായ ഹംസ അബ്ദെല്‍കൂടി മരിച്ചതോടെ പ്രതിഷേധ റാലിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധറാലിക്കിടെ ഇതുവരെ 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റാലിക്ക് നേരെ ഇസ്‌റാഈല്‍ സേന വെടിയുതിര്‍ക്കുകയും റബ്ബര്‍ ബുള്ളറ്റുകളുപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഗാസ അതിര്‍ത്തിക്ക് സമീപം വെള്ളിയാഴ്ച നടന്ന റാലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ 293 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Latest