സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ച ജഡ്ജിന് സ്ഥലംമാറ്റം

Posted on: April 7, 2018 10:23 am | Last updated: April 7, 2018 at 1:22 pm

ജോധ്പൂര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ ബോൡവുഡ് നടന്‍ സല്‍മാന്‍ ഖാന് ജയില്‍ ശിക്ഷ വിധിച്ച ജഡ്ജിനും ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനിരുന്ന ജോഡ്പൂര്‍ സെഷന്‍സ് കോടതി ജഡ്ജിക്കും സ്ഥലം മാറ്റം. സല്‍മാന് ശിക്ഷ വിധിച്ച ദേവ്കുമാര്‍ ഖാത്രി, ജാമ്യാപേക്ഷ പരിഗണിക്കാനിരുന്ന ജോഡ്പൂര്‍ സെഷന്‍ കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷി തുടങ്ങി 87 ജഡ്ജിമാരെയാണ് രാജസ്ഥാന്‍ ഹൈക്കോടതി സ്ഥലം മാറ്റിയത്.

വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജ് രവീന്ദ്ര കുമാര്‍ ജോഷി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തെ ജോധ്പൂരില്‍ നിന്ന് സിരോഹിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ഭീല്‍വാല ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജ് ചന്ദ്രകുമാര്‍ സോങാരയെ നിയമിച്ചു.

കേസുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും കുറ്റവിമുക്തമായെന്നും അതിനാല്‍ ഈ കേസില്‍ ജാമ്യം അനുവദിക്കണണെന്നുമാണ് സല്‍മാന്‍ ഖാന്റെ വാദം. 19 വര്‍ഷം പഴക്കമുള്ള കേസില്‍ അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ ജോധ്പൂര്‍ റൂറല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിധിച്ചത്. ശിക്ഷാ വിധിക്ക് പിന്നാലെ സല്‍മാന്‍ ഖാനെ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയിരുന്നു. 1998ല്‍ കൃഷ്ണമൃഗത്തെയും ചിങ്കാര മാനിനെയും വേട്ടയാടിയ സംഭവത്തില്‍ നാല് കേസുകളാണ് സല്‍മാന്‍ ഖാനെതിരെ എടുത്തിരുന്നത്. ആ വര്‍ഷം സെപ്തംബറില്‍ രാജസ്ഥാനിലെ ഭവദ് ഗ്രാമത്തില്‍ നിന്ന് രണ്ടും ഒക്‌ടോബറില്‍ ഘോദയിലെ സര്‍ക്കാര്‍ ഫാമില്‍ നിന്ന് ഒന്നും ചിങ്കാര മാനുകളെ വേട്ടയാടിയതാണ് രണ്ട് കേസുകള്‍. ഒക്‌ടോബറില്‍ തന്നെ രാജസ്ഥാനിലെ കങ്കണിയില്‍ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാന്‍ വേട്ടയാടിയതാണ് മൂന്നാം കേസ്. ഈ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ലൈസന്‍സ് കാലാവധി തീര്‍ന്ന് അനധികൃത തോക്ക് കൈവശം വെച്ചെന്നതാണ് നടനെതിരായ നാലാമത്തെ കേസ്.

ഇപ്പോള്‍ വിധി വന്നിരിക്കുന്നത് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്ന കേസിലാണ്. മറ്റ് മൂന്ന് കേസുകളിലും സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സെയ്ഫ് അലി ഖാന്‍, തബു, സോനാലി ബെന്ദ്രെ, നീലം എന്നിവരെയും ജോധ്പൂര്‍ സ്വദേശി ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പത്, 51 വകുപ്പുകള്‍ പ്രകാരമാണ് സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ചത്.